ഇത് ജിജിന്‍; ഇങ്ങനെ ഒറ്റ പീസേ കേരളത്തില്‍ ഉള്ളൂ

egg carving

ഒരു കോഴി മുട്ടയില്‍ പന്ത്രണ്ടായിരത്തിയഞ്ഞൂറ് സുഷിരങ്ങള്‍. (മുട്ട പൊട്ടാതെ) ആരെയും ഞെട്ടിക്കുന്ന ഈ വേള്‍ഡ് റെക്കോര്‍ഡ് ഒരു മലയാളിയുടെ പേരിലാണ്. തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയായ ജിജിന്റെ പേരില്‍. മലയാളികള്‍ക്കെന്നല്ല ഇന്ത്യാക്കാര്‍ക്ക് വരെ അത്ര പരിചിതമല്ലാത്ത ഒരു കലാസൃഷ്ടിയാണിത്, കാര്‍വ്ഡ് എഗ്സ്!  ഒരു യന്ത്രത്തിന്റേയും സഹായം ഇല്ലാതെ കൈ കൊണ്ടാണ് ജിജിന്‍ ഇത്രയും സുഷിരങ്ങള്‍ മുട്ടയില്‍ ഉണ്ടാക്കിയത്. അത് തന്നെയാണ് റെക്കോര്‍ഡിന് അടിസ്ഥാനമായതും. കൈ കൊണ്ട് മുട്ടയില്‍ സുഷിരങ്ങള്‍  നിറച്ച ലോകത്തിലെ ഒരേയൊരാളാണിന്ന് ജിജിന്‍. പുരസ്കാരം ലഭിച്ചിട്ടും ജിജിനെ നമ്മളിലാര്‍ക്കും പരിചയം ഇല്ലെന്നതാണ് സത്യം.  മുട്ടയില്‍ ‘താജ്മഹല്‍’  പണിതാലും ഒരു മുട്ടയ്ക്ക് ആറ് രൂപയല്ലെ വിലയുള്ളൂ എന്ന് തിരിച്ച് ചോദിക്കുന്ന സമൂഹമാണിത്.

റെക്കോര്‍ഡ് ഒന്നല്ല, രണ്ട്. മൂന്നാമത്തേതിനായി കട്ട വെയിറ്റിംഗ് 
ഈ ഒരൊറ്റ റെക്കോര്‍ഡ് മാത്രമല്ല ജിജിന്റെ പേരിലുള്ളത്. 2018ലായിരുന്നു നേട്ടങ്ങള്‍ രണ്ടും. 7500 സുഷിരങ്ങള്‍ മുട്ടയില്‍ സൃഷ്ടിച്ചായിരുന്നു ആദ്യ വേള്‍ഡ് റെക്കോര്‍ഡ്. സ്വന്തം റെക്കോര്‍ഡ് അതേ  ആ വര്‍ഷത്തില്‍ തന്നെ ജിജിന്‍ തിരുത്തി. 12500 സുഷിരങ്ങള്‍ ഇട്ടായിരുന്നു പുതിയ റെക്കോര്‍ഡ്. 28ദിവസങ്ങള്‍ കൊണ്ടാണ് ജിജിന്‍ ഇത് പൂര്‍ത്തിയാക്കിയത്.   കൈ കൊണ്ട് ഏറ്റവും കൂടുതല്‍ മുട്ട കാര്‍വ് ചെയ്തതതിനുള്ള റെക്കോര്‍ഡ് കാത്തിരിക്കുകയാണ് ജിജിന്‍ ഇപ്പോള്‍. ലിസ്റ്റില്‍ അഞ്ഞൂറ് മുട്ട കഴിഞ്ഞു. അറുന്നൂറ് മുട്ട കാര്‍വ് ചെയ്ത ശേഷം ഗിന്നസ് വേള്‍ഡ് അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഈ ഇരുപത്തിനാലുകാരന്‍. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജില്‍ നേത്ര സംരക്ഷണ വിഭാഗത്തില്‍ ഒപ്റ്റോമെട്രിക്സാണ് ജിജിന്‍.
തുടക്കം ആറ് വര്‍ഷം മുമ്പ് 

ആറ് വര്‍ഷങ്ങള്‍ മുമ്പ് ഫെയ്സ് ബുക്കില്‍ കണ്ട ഒരു ചിത്രമാണ് ജിജിനെ മുട്ടയിലേക്ക് ആകര്‍ഷിച്ചത് എന്ന് പറയാം. കാര്‍വ്ഡ് എഗിന്റെ ഒരു ചിത്രമായിരുന്നു അത്. അപ്പോള്‍ തന്നെ അടുക്കളയില്‍ നിന്ന് ഒരു മുട്ടയെടുത്ത് പണി തുടങ്ങി. ഒന്നല്ല നാല്‍പത്തി രണ്ട് മുട്ട പൊട്ടിയപ്പോളാണ് ഒരു സുഷിരമെങ്കിലും ഇടാന്‍ ജിജിന് ആയത്. ആദ്യ മുട്ടപൊട്ടിയപ്പോള്‍ തന്നെ അമ്മ കളിയാക്കല്‍ തുടങ്ങിയതെന്ന് ജിജിന്‍ പറയുന്നു. പിന്നെ വാശിയായിരുന്നു. കൈകൊണ്ട് മുട്ട കാര്‍വ് ചെയ്യാനാകില്ലെന്നാണ് അറിഞ്ഞതും. അതും വാശി കേറ്റി. പിന്നെ മൂന്ന് കൊല്ലത്തോളം ഇതെ കുറിച്ച് പഠിച്ചു. എഗ് കാര്‍വിംഗിനെ പറ്റി മാത്രമല്ല, കോഴിയേയും, മുട്ടകളേയും കുറിച്ച് വരെ പഠിച്ചു. ഇന്റര്‍നെറ്റായിരുന്നു അധ്യാപകന്‍. മൂന്ന് കൊല്ലം കഴിഞ്ഞതോടെ ജിജിന് ആത്മവിശ്വാസമായി. അത്രയൊന്നും എളുപ്പത്തില്‍ തന്റെ കയ്യില്‍ നിന്ന് മുട്ട പൊട്ടില്ലെന്ന് മനസിലായി.കൃത്യമായ പ്രാക്ടീസും, ധ്യാനവും, പ്രാര്‍ത്ഥനയുമാണ് തന്റെ വിജയത്തില്‍ എന്ന് ഉറച്ച് വിശ്വസിക്കാനാണ് ജിജിന് ഇഷ്ടം.
സാന്റ്പെപ്പറും പിന്നും, അരവുമൊക്കെയാണ് ജിജിന്റെ ‘പണി സാധനങ്ങള്‍’. വിദേശത്ത് വിലക്കൂടിയ കാര്‍വിംഗ് യന്ത്രങ്ങളുണ്ട്. സെന്റര്‍ ഗ്രാവിറ്റി ഉള്ളതിനാല്‍ ഇവിടെയുള്ള ഡ്രില്ലിംഗ് മിഷ്യന്‍ കൊണ്ട് മുട്ടകള്‍ കാര്‍വ് ചെയ്യാനാകില്ലെന്ന് ജിജിന്‍ പറയുന്നു.  നെതര്‍ലാന്റില്‍ നിന്ന് അത്തരത്തിലൊരു ഡ്രില്ലര്‍ ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ജിജിന്‍ ഇപ്പോള്‍.

മുട്ടയില്‍ നിന്ന് വെള്ളക്കരുവും മഞ്ഞക്കരുവും മാറ്റുന്നത് ജിജിന്‍ തന്നെ കണ്ട് പിടിച്ച മാര്‍ഗ്ഗത്തിലൂടെയാണ്. ഇന്റര്‍നെറ്റ് പറഞ്ഞ് തരുന്നത് രണ്ടെ രണ്ട് രീതികളാണ്. ഇതൊന്നുമല്ല മറിച്ച മറ്റൊരു രഹസ്യമാര്‍ഗ്ഗത്തിലൂടെയാണ് ജിജിന്റെ വേര്‍തിരിക്കല്‍. ഇക്കാരണം കൊണ്ടാണ് തനിക്ക് ഇങ്ങനെ മുട്ടയില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നതെന്നും  ഇത് തന്റെ ട്രേഡ് സീക്രട്ടാണെന്ന് ജിജിന്‍ പറയുന്നു.

ലോകത്ത് ജിജിനെ പോലെ മുപ്പതില്‍ താഴെ പേര്‍

ലോകത്ത് എക് കാര്‍വ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ലോകത്ത് തന്നെ മുപ്പത് പേരാണ് ഈ രംഗത്തുള്ളതെന്ന് ജിജിന്‍ പറയുന്നു. പല നാടുകളിലും ഇത്തരത്തില്‍ മുട്ടയിലെ കല നിയമവിധേയമല്ല. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവ വേള്‍ഡ് എഗ് ആര്‍ട്ടിസ് അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ജിജിന്‍. ആ സംഘത്തിലെ ചിലര്‍ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. സ്വയം പഠിച്ചെടുത്ത തന്റെ ഈ പാഷനിലേക്ക് തന്നെ പറിച്ച് നടണമെന്നുണ്ട് ജിജിന്.  ഒരിക്കല്‍ അമേരിക്കയിലെ ഹാന്റി ക്രാഫ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലേക്കാണ് ക്ഷണവും വന്നിരുന്നു. രണ്ട് കൊല്ലം മുമ്പായിരുന്നു അത്.  എന്നാല്‍ അപ്പോഴായിരുന്നു അച്ഛന്‍ ക്യാന്‍സറിന്റെ പിടിയിലമര്‍ന്നത്. പിന്നെ ചികിത്സയ്ക്ക് പിന്നാലെയായിരുന്നു. എന്നാല്‍ രോഗത്തോട് ഒപ്പം അച്ഛന്‍ പോയി. അമ്മ സിസിലിയ്ക്കും സഹോദരി ജെസിയ്ക്കും ഏക ആശ്രയമാണ് ഇന്ന് ജിജിന്‍.

അവരെ പിരിഞ്ഞ് വിദേശത്തെ പോയി പാഷനുമായി ഒന്ന് സെറ്റില്‍ ചെയ്യാന്‍ ജിജിനെ പ്രാരാബ്ധം അനുവദിക്കുന്നില്ല. ഉള്ള ജോലി കഴിഞ്ഞ് പുതിയ മേഖലയിലേക്കുള്ള ചേക്കേറല്‍ ജിജിനെ സംബന്ധിച്ച് മുട്ടയില്‍ സുഷിരങ്ങള്‍ തീര്‍ക്കുന്ന മാസ്മരികത പോലെ അത്ര എളുപ്പമല്ലെന്ന് അര്‍ത്ഥം. കടബാധ്യതകളും, സഹോദരിയുടെ പഠന ചെലവും കുടുംബ ചെലവും മുന്നോട്ട് കൊണ്ട് പോകാന്‍ ഇപ്പോഴുള്ള ജോലി പെട്ടെന്ന് കളയാന്‍ സാഹചര്യം അനുവദിക്കില്ല.

 ലണ്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിലയേറിയ പ്രത്യേക പെയിന്റാണ് ജിജിന്‍ ഉപയോഗിക്കുന്നത്. തന്റെ ചെറിയ വരുമാനത്തില്‍ നിന്നാണ് ജിജിന്‍ ഇത് വാങ്ങുന്നത്. ജിജിന്റെ കഴിവിനെ തിരിച്ചറിഞ്ഞ ചിലര്‍ പെയിന്റുകളും മറ്റും വിദേശത്ത് നിന്ന് അയച്ച് കൊടുത്തിട്ടുമുണ്ട്. അത്തരത്തില്‍ ജോര്‍ജ്ജിയയില്‍ നിന്ന് ഒരാള്‍ അയച്ച് കൊടുത്ത ഒട്ടക പക്ഷിയുടെ മുട്ടയില്‍ ലോക ഭൂപടം ഒരുക്കുകയാണ് ജിജിന്‍ ഇപ്പോള്‍. ലൗ ബേര്‍സിന്റെ മുട്ടയില്‍ വരെ വിസ്മയം വിരിയിച്ചിട്ടുണ്ട് ജിജിന്‍.

എഗ് കാര്‍വിഗും, ഡെക്കറേറ്റിംഗ് എഗ്സും

രണ്ടും മുട്ടത്തോടില്‍ വിരിയുന്ന അത്ഭുതങ്ങളാണെങ്കിലും രണ്ടും രണ്ടാണ്. മുട്ടയുടെ സ്വാഭാവിക നിറമോ കനമോ മാറ്റാതെ നിര്‍മ്മിക്കുന്നവയാണ് എഗ് കാര്‍വിഗില്‍ വരിക. ഇതല്ലാതെ മറ്റെന്ത് കലയും ഡെക്കറേറ്റിംഗ് എഗ്സ് എന്ന വിഭാഗത്തില്‍ വരും. ഇത് രണ്ടും ജിജിന്‍ ചെയ്യാറുണ്ട്. ഡെക്കറേറ്റിംഗ് എഗ്സിനാണ് ആവശ്യക്കാര്‍ കൂടുതല്‍.  ആറ് രൂപയുടെ മുട്ടയില്‍ എന്തെല്ലാം ചെയ്താലും കലയുടെ വിലയറിയുന്നവര്‍ക്കേ അതിന്റെ മൂല്യം തിരിച്ചറിയാനാകൂവെന്ന് ജിജിന്‍. മുട്ടപ്പൊട്ടി പോകുമോ എന്ന ഭയമാണ് ഇത് വാങ്ങിക്കുന്നതില്‍ നിന്ന് ചിലരെയെങ്കിലും പിന്നോട്ടടിക്കുന്നത്. എന്നാല്‍ താഴെ വീണല്ലാതെ മുട്ട പൊട്ടില്ലെന്നാണ് ജിജിന്റെ ഉറപ്പ്. ഈ ഉറപ്പിന് ജിജിന്‍ നല്‍കുന്ന വാഗ്ദാനം എന്തെന്നോ? ഒന്നുകില്‍ മുടക്കിയ പണത്തിന്റെ ഇരട്ടി മടക്കി നല്‍കും. അല്ലെങ്കില്‍ വാങ്ങിച്ച അതേ ഐറ്റം ഒന്നുകൂടി സൗജന്യമായി ഉണ്ടാക്കി നല്‍കും.

ഇന്റര്‍ നാഷണല്‍ ലോഗോയില്‍ ഒരു വര്‍ക്ക് ജിജിന്റേതാണ്, ലോകത്ത് നിന്ന് 48പേരെയുടെ സൃഷ്ടികള്‍ മാത്രമാണ് ഇങ്ങോട്ട് തെരഞ്ഞെടുത്തത്. മുട്ടയില്‍ പെയിന്റ് ചെയ്യുന്നവരുണ്ടെങ്കിലും കാര്‍വ് ചെയ്യുന്ന ഏക മലയാളിയാണ് ജിജിന്‍. തിരുവനന്തപുരത്തും മറ്റുമായി എക്സിബിഷന്‍ നടത്തിയിട്ടുണ്ട് ജിജിന്‍. ഫെയ്സ് ബുക്ക് വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ മാത്രമാണ് ജിജിന്. ജോലി കഴിഞ്ഞെത്തി പുലര്‍ച്ചെ രണ്ടര വരെയൊക്കെയാണ് ജിജിന് ഇതിനായി സമയം ബാക്കി വയ്ക്കുന്നത്. അമ്മയും സഹോദരിയും സുഹൃത്ത് ദിയയും നല്‍കി വരുന്ന പ്രോത്സാഹനം മാത്രമാണ് ഇന്ന് ജിജിന്റെ കൈമുതല്‍. വിദേശത്ത് നിന്ന് പലരും അഭിനന്ദിച്ച് എത്തിയിട്ടുണ്ടെങ്കിലും നാട്ടില്‍ നിന്ന് ഇതുവരെ ഒരു പ്രോത്സാഹനവും ജിജിന് ലഭിച്ചിട്ടല്ല. ലോകത്ത് തന്നെ വിരലില്‍ എണ്ണാവുന്നവര്‍ ചെയ്യുന്ന ഒരു കല, അത് സ്വന്തം പഠിച്ചെടുത്ത ആളാണ് ജിജിന്‍. കാണാതെ പോകരുത് ആ വലിയ കഴിവിനെ. പാഷന് പിന്നാലെ പോകാന്‍ പറ്റാത്ത ആ നിസ്സഹായാവസ്ഥയേയും

കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജിനെ നേരിട്ട് വിളിക്കാം  86065 74493

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top