സ്‌കൂൾ യൂണീഫോമിൽ മീൻ വിറ്റ ആ പെൺകുട്ടിയാണ് ഹനാൻ

നിറ പുഞ്ചിരിയുമായി യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. പാലാരിവട്ടം തമ്മനം ജങ്ഷനിൽ മീൻ വിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പേര് ഹനാൻ. തൃശൂർ സ്വദേശിയായ ഹനാൻ അൽ അസർ കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിനിയാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹനാന്റെ കുടുംബത്തിലെ ഏക വരുമാനമാർഗമാണ് ഇത്. പ്ലസ്ടുവിൽ വെച്ച് ഹനാന്റെ പഠിത്തം മുടങ്ങിയതോടെയാണ് ഹനാൻ സ്വന്തമായി പണം കണ്ടെത്താൻ തുടങ്ങിയത്. കോളേജ് പഠനം നടത്താൻ പണം കണ്ടെത്തുന്നതു വരെ വിവിധ ജോലികൾ ചെയ്തിട്ടുണ്ട് ഹനാൻ. ഈ ബുദ്ധിമുട്ടുകൾക്കിടയിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. ഹനാന് പ്ലസ് ടു വിദ്യാർത്ഥിയായ സഹോദരൻ മാത്രമാണ് ഉള്ളത്.
പുലർച്ചെ മൂന്നു മണിക്ക് എഴുനേൽക്കുന്നതു മുതൽ ആരംഭിക്കുകയാണ് ഹനാൻറെ പോരാട്ടം. രാവിലെ ഒരു മണിക്കൂർ പഠിച്ച ശേഷം സൈക്കിളുമായി കിലോമീറ്ററുകൾ താണ്ടി അവൾ ചമ്പക്കരയിലെ മാർക്കറ്റിലേക്ക് പോകും. മാർക്കറ്റിൽ നിന്നും വാങ്ങുന്ന മീൻ തമ്മനത്ത് എത്തിക്കും. മീൻ അവിടെ ഭദ്രമായ് ഇറക്കിയതിനു ശേഷം വീണ്ടും വീട്ടിലേക്ക്.അ വിടെ നിന്നും ഒരുങ്ങി അവൾ പഠിക്കുന്ന തൊടുപുഴ അൽ അസർ കോളേജിലേക്ക്. ശേഷം 4 വരെ കോളേജിൽ.
കോളേജ് വിട്ടാൽ ധൃതിയിൽ ഹന അവളുടെ മീൻപെട്ടി സൂക്ഷിച്ചു വെച്ചിരിക്കുന്ന തമ്മനത്തേക്ക് പോകും. ഒരു മണിക്കൂറിനുള്ളിൽ മീൻ മുഴുവൻ വിൽക്കണം. അതാണ് ലക്ഷ്യം
ഹനാൻ മികച്ചൊരു കലാകാരി കൂടിയാണ്. ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. അവളുടെ കഴിവുകൾ ശ്രദ്ധിച്ച കലാഭവൻ മണി അദ്ദേഹത്തിനൊപ്പം നിരവധി പരിപാടികളിൽ അവളെ പങ്കെടുപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here