ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണം : സിബിഐ

ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ. സിബിഐ സുപീംകോടതിയിൽ ഇത് സംബന്ധിച്ച് പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചു. കൺസൾട്ടൻസി കരാർ സപ്ലൈ കരാറായത് പിണറായി കാനഡയിലായിരുന്നപ്പോളായിരുന്നുവെന്നും പിണറായി വിജയനറിയാതെ കരാറിൽ മാറ്റം വരില്ലെന്നും സിബിഐ സമർപ്പിച്ച സത്യവാങ്ങാമൂലത്തിൽ പറയുന്നു. കരാറിൽ കെഎസ്ഇബിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും എസ്എൻസി ലാവ്‌ലിൻ വലിയ ലാഭമുണ്ടാക്കിയെന്നും സിബിഐ പറയുന്നു.

pinarayi vijayan 1

ജി. കാര്‍ത്തികേയന്‍ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി 2 നാണ് എസ്എന്‍സി ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വച്ചത്. എന്നാല്‍, 1997 ഫെബ്രുവരി 10 ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറി. കരാറിലെ ഈ മാറ്റം പിണറായി ലാവലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴായിരുന്നു എന്ന് സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. അക്കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്ന് പിണറായി വിജയനേയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ലെന്നാണ് സിബിഐ നിലപാട്.

ലാവലിന്‍ കരാറിലൂടെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി. കെഎസ്ഇബിക്ക് ഭീമമായ നഷ്ടവും ഉണ്ടായതായി സിബിഐ വ്യക്തമാക്കി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും വസ്തുതകളും വിചാരണ ഘട്ടത്തില്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍, പിണറായി വിജയനേയും മറ്റ് രണ്ട് പേരേയും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കി. ഇത് തെറ്റായ നടപടിയാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ കെ.ജി രാജശേഖരന്‍, ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കൊപ്പം വിചാരണ നേരിടണമെന്നാണ് സിബിഐ ആവശ്യം. സിബിഐ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top