Advertisement

ശബരിമല സ്ത്രീപ്രവേശനം; സ്ത്രീവിരുദ്ധരായ ആണ്‍മാടമ്പികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്തണം: സ്വാമി സന്ദീപാനന്ദ

July 29, 2018
Google News 3 minutes Read

ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പരാജയപ്പെടുത്തണമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. മലയാള നാടിന് പ്രബുദ്ധത ഇത്തിരിയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അമ്പത് ശതമാനത്തിലേറെ വരുന്ന സ്ത്രീകളെ ഇപ്പോഴും ആര്‍ത്തവത്തിന്റെ പേരില്‍ പൊതു ഇടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തമമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധരായ കുറച്ച് ആണ്‍മാടമ്പികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തമമെന്ന് സ്വാമി സന്ദീപാനന്ദ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ സ്ത്രീവിരുദ്ധമായി നടത്തിയ പ്രതിഷേധങ്ങളെ എണ്ണിയെണ്ണി പറഞ്ഞാണ് സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

“തീവ്രവവാദികളുടെ പ്രതിഷേധം ചരിത്രത്തിലൂടെ:
1829: ബ്രിട്ടീഷ് ഇന്ത്യയിലെ സതിനിരോധനത്തിനെതിരെ ബ്രാഹമണരുടെ എതിര്‍പ്പ്.
‘നിരോധിച്ചാലും ഞങ്ങളുടെ വീട്ടിലെ സ്ത്രീകളെ നിര്‍ബന്ധിച്ച് രഹസ്യമായി സതി അനുഷ്ഠിപ്പിക്കും. ഭാരതീയ പാരമ്പര്യം സംരക്ഷിക്കും.’
1884: ഇന്ത്യയില്‍ അടിമത്തം നിരോധിച്ചപ്പോള്‍:
‘ജാതി അടിമത്തം സവര്‍ണ്ണരുടെ അവകാശമാണ്. ഞങ്ങളത് നിലനിര്‍ത്തും.’
1856: വിധവാ പുനര്‍വിവാഹ ബില്ല് പാസ്സാക്കിയപ്പോള്‍:
‘വിധവകള്‍ വിവാഹിതരാകുന്നതിനെ തടയും. വിധവകള്‍ തല മൊട്ടയടിക്കണം. വെള്ളവസ്ത്രം ധരിച്ച് വീട്ടിലിരിക്കണം.
1859: ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം നല്‍കിയപ്പോള്‍,മത തീവ്രവാദികൾ പറഞ്ഞത്,
‘ചാന്നാര്‍ സ്ത്രീകള്‍ മാറ് മറച്ച് തെരുവിലിറങ്ങിയാല്‍ ബ്‌ളൗസ് വലിച്ചുകീറും. മേല്‍വസ്ത്രം ധരിച്ച് തെരുവില്‍ നടക്കാന്‍ അനുവദിക്കില്ല.’
1891 : പെണ്‍കുട്ടികളുടെ വിവാഹപ്രായം പന്ത്രണ്ടുവയസ്സാക്കി ‘Age of consent bill’ വന്നപ്പോള്‍
അവർ പറഞ്ഞത്;
‘ഞങ്ങളുടെ പെണ്‍കുട്ടികളുടെ വിവാഹകാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. അത് പരമ്പരാഗത ആചാരങ്ങള്‍ മാറ്റാന്‍ പാടില്ല.’
1936 : ‘അവര്‍ണ്ണ’, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനുള്ള അവകാശം ലഭിച്ചപ്പോള്‍.
അവർ പറഞ്ഞു;
ജാതിസമ്പ്രദായം നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്. അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ കയറുന്നതും ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ നടക്കുന്നതും എതിര്‍ക്കും.’
1947: ദേവദാസി സമ്പ്രദായം നിരോധിക്കുന്ന ആക്ട് പാസാക്കിയപ്പോള്‍
അവർ പറഞ്ഞു;
‘ദേവദാസികള്‍ ദേവിയുടെ ദാസിമാരാണ്. നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരമാണ് ‘
1950: ജാതിയമായ തൊട്ടുകൂടായ്മ അവസാനിപ്പിച്ചും, ക്രിമിനല്‍ കുറ്റമാക്കിയും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ അവർ പറഞ്ഞു;
‘ഇന്ത്യന്‍ ഭരണഘടന ഭാരതീയ പാരമ്പര്യത്തെയോ ഇന്ത്യന്‍ സംസ്‌കാരത്തെയോ പരിഗണിക്കാത്തതാണ്. അയിത്താചാരണം ജാതിവ്യവസ്ഥയുടെ അടിസ്ഥാനമാണ്.’
1955 : ഹിന്ദു മാരേജ് ആക്ട് പാര്‍ലിമെന്റില്‍ പാസാക്കിയപ്പോള്‍ അവർ പറഞ്ഞു;
‘ഞങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് സ്വത്തവകാശമോ വിവാഹമോചനത്തിനുള്ള അവകാശമോ നല്‍കില്ല. ഭാരതീയ വിവാഹത്തില്‍ ജീവിതകാലം മുഴുവന്‍ സ്ത്രീ ഭര്‍ത്താവിനെ ആശ്രയിച്ച് കഴിയണം. അതാണ് കുലസ്ത്രീകളുടെ കടമയും മഹിമയും.
1960: ക്ഷേത്രങ്ങളിലെ മൃഗബലി നിരോധിച്ചപ്പോള്‍ പൌരോഹിത്യം പറഞ്ഞത്;
‘ഭാരതത്തിലെ യാഗങ്ങളിലെല്ലാം മൃഗബലി അനുവദനീയമായിരുന്നു. അത് ആചാരത്തിന്റെ ഭാഗമാണ്.”
2018: ബഹുമാനപ്പെട്ട സുപ്രീം കോടതി നിരീക്ഷണം;ശബരിമല ക്ഷേത്രം പൊതുഇടമാണ്. ‘അവനു’ പോകാമെങ്കില്‍ ‘അവള്‍’ക്കും പോകാം. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുത് വിവേചനമാണ്.
മതഭ്രാന്തർ പറയുന്നു;
കോടതി എന്തു പറഞ്ഞാലും 10 നും 50 നും ഇടയിലുള്ള ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളെ ശബരിമലയിയിലേക്ക് വിടില്ല. ജല്ലിക്കെട്ട് സമരരീതിയിൽ ഞങ്ങൾ തടയും.
ഞങ്ങള്‍ തെരുവില്‍ നേരിടും. ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടിയേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയൂ’
പെണ്‍ അടിമകള്‍: ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്. 
1893 ഈ കൂട്ടരെക്കുറിച്ച് വിവേകാനന്ദ സ്വാമികൾ അമേരിക്കയിലെ ലോകമത മഹാ സമ്മേളനത്തിൽ പറഞ്ഞത്;
“വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ ദീർഘകാലമായി കയ്യടക്കിയിരിക്കയാണ്.അവ ഭൂമിയെ അക്രമം കൊണ്ട് നിറച്ചിരിക്കുന്നു.മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു.സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു.ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്കു തള്ളിവിടുകയും ചെയ്തിരിക്കുന്നു.ഈ #കൊടുംപിശാചുക്കളില്ലായിരുന്നെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.”
മലയാള നാടിന് പ്രബുദ്ധത ഇത്തിരിയെങ്കിലും അവശേഷിക്കുണ്ടെങ്കില്‍ അമ്പത് ശതമാനത്തിലേറെ വരുന്ന സ്ത്രീകളെ ഇപ്പോഴും ആര്‍ത്തവത്തിന്റെ പേരില്‍ പൊതു ഇടങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധരായ കുറച്ച് ആണ്‍മാടമ്പികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ പരാജയപ്പെടുത്തണം.സാമൂഹ്യ മാറ്റങ്ങളെ എല്ലാ കാലത്തും പിറകിലേക്ക് പിടിച്ച് വലിച്ച ക്ഷുദ്ര വിഭാഗമാണിവർ. ലോകത്തിനു മുന്നില്‍ ഇന്ത്യയെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത ഒരു സ്ഥലമാക്കി മാറ്റുന്ന കാര്യത്തില്‍ മത്സരിക്കുന്ന പ്രാകൃത മനസ്സുകളാണ് ഈ ഹര്‍ത്താലിനു പിന്നില്‍”.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here