മലയാളത്തിലെ ആദ്യ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ ലൈസന്‍സ് റദ്ദാക്കി

മലയാളിയുടെ വാർത്താ സംസ്കാരത്തെ മാറ്റിയെഴുതിയ ഇന്ത്യാവിഷൻ ഇനി ചരിത്രത്തിന്റെ താളുകളിലേക്ക്. മലയാളത്തിലെ ഏറ്റവും പ്രമുഖ ന്യൂസ് ചാനലുകളിലൊന്നായിരുന്ന ഇന്ത്യാവിഷന്റെ ലൈസൻസ് റദ്ദാക്കി. ദൈനംദിന പ്രവർത്തനം നിലച്ചതിനെത്തുടർന്നും പെർമിഷൻ ഫീസ് അടയ്ക്കാൻ കഴിയാത്തതിന്റെ പേരിലുമാണ് കേന്ദ്രസർക്കാരിന്റെ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം മലയാളത്തിലെ ആദ്യത്തെ ഇരുപത്തിനാല് മണിക്കൂർ വാർത്താ ചാനലായ ഇന്ത്യാവിഷന്റെ ലൈസൻസ് റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യാ വിഷന്‍, ലൈവ് ഇന്ത്യ എന്നീ ന്യൂസ് ചാനലുകൾ ഉൾപ്പെടെ 147 ചാനലുകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ റദ്ദാക്കിയത്. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് നിലവിൽ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍, എന്‍.ഡി.ടി.വിയുടെ മെട്രോ നേഷന്‍ തുടങ്ങിയ ചാനലുകളും കേന്ദ്രസർക്കാർ നിരോധിച്ചവയുടെ പട്ടികയില്‍ പെടും. ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് എ.ബി.സി ന്യൂസ്, വോയ്‌സ് ഓഫ് നേഷന്‍, ഫോക്കസ് ന്യൂസ്, ലെമണ്‍ ന്യൂസ് എന്നീ ചാനലുകള്‍ നിരോധിച്ചിട്ടുള്ളത്.
മലയാളികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുറപ്പിച്ച വാർത്താ ചാനലുകളിലൊന്നായിരുന്നു 2003ൽ പ്രവർത്തനമാരംഭിച്ച ഇന്ത്യാവിഷൻ. മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ. മുനീർ ചെയർമാനായ ഇന്ത്യാവിഷൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനാണ് ചാനലിന്റെ ഉടമസ്ഥാവകാശം. ജമാലുദ്ദീൻ ഫാറൂഖി ആയിരുന്നു റെസിഡന്റ് എഡിറ്റർ. മലയാള ദൃശ്യമാധ്യമ രംഗത്തെ പ്രമുഖരായ എം.വി. നികേഷ് കുമാർ, എം.പി. ബഷീർ തുടങ്ങിയവരെല്ലാം ഇന്ത്യാവിഷന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചവരാണ്. മലയാളിയുടെ പൊതു ജീവിതത്തെയും ചിന്താധാരയെയും നിർണയിച്ച ചാലക ശക്തിയായിരുന്നു ഒരു കാലത്ത് ഇന്ത്യാവിഷൻ.
മലയാള മാധ്യമങ്ങളിൽ ഇപ്പോൾ ജോലി ചെയ്യുന്ന നിരവധി പ്രമുഖരായ മാധ്യമപ്രവർത്തകർ ഇന്ത്യാവിഷനിലൂടെ വളർന്നുവന്നവരായിരുന്നു, കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഐസ്ക്രീം പാർലർ പീഡന കേസും മാറാട് കലാപ റിപ്പോർട്ടുമെല്ലാം പുറംലോകത്തെത്തിച്ചത് ഇന്ത്യാവിഷൻ ആയിരുന്നു. എന്നാൽ നിരവധി പുതിയ വാർത്താ ചാനലുകൾ കടന്നുവന്നതോടെ സാമ്പത്തികമായ പ്രതിസന്ധിയിൽ പെട്ട ഇന്ത്യാവിഷൻ പ്രവർത്തനം തുടങ്ങി പത്താം വർഷത്തിലാണ് പൊടുന്നനെ സംപ്രേഷണം അവസാനിപ്പിച്ചത്. ഇപ്പോഴിതാ ലൈസൻസും കേന്ദ്ര സർക്കാർ റദ്ദാക്കിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here