ഇത് ഭവാനിയമ്മ, ഇടുക്കി ഡാമിന്റെ നിർമ്മാണത്തിൽ പങ്കാളിയായ, അക്കൂട്ടത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാൾ

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട്, രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ട് തുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഇടുക്കി അണക്കെട്ട് ഇന്ന് വാർത്തകളിൽ നിറയുന്നത് അണക്കെട്ട് തുറക്കാൻ പോകുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ്. ഒപ്പം അണക്കെട്ട് പൊട്ടുമോ എന്ന ജനങ്ങളുടെ ആശങ്കയും. എന്നാൽ അണക്കെട്ട് ഒരിക്കലും പൊട്ടില്ല എന്ന് തറപ്പിച്ച് പറയുകയാണ് ഭവാനിയമ്മ. ഇടുക്കി ഡാം പണിയുടെ തുടക്കം തൊട്ട് അവസാനം വരെ നിന്ന, ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് ഭവാനിയമ്മ.  ഡാം പണികളുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഭവാനിയമ്മയ്ക്ക് പറയാനുള്ളത്.

ജോലിയൊന്നും ഇല്ലാതിരുന്ന കാലത്താണ് ഭവാനിയമ്മ ഇടുക്കി കുളമാവിലേക്ക് വരുന്നത്. പാലാ സ്വദേശിനിയാണ് ഭവാനിയമ്മ. പിന്നീട് കുളമാവിലേക്ക് ചേക്കേറുകയായിരുന്നു. കരിങ്കല്ല് പൊട്ടിച്ച് മാറ്റുക, മണ്ണ് മാറ്റുക, വെള്ളമടിച്ച് കഴുകി വൃത്തിയാക്കുക, പാറപ്പുറം തൂത്തുവാരുക എന്നിങ്ങനെ നിരവധി പണികൾ ഭവാനിയമ്മ ചെയ്തിട്ടുണ്ട്. മലയാളികൾക്ക് പുറമെ മറാഠി, തെലുങ്കർ, തമിഴർ, ഒഡിയ സ്വദേശികൾ എന്നിങ്ങനെ നിരവധി പേർ ഡാമിനായി പണിയെടുത്തിട്ടുണ്ട്. എന്നാൽ ഡാം പണി പകുതിയായപ്പോൾ കുറേപ്പേരെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചുവെന്ന് ഭവാനിയമ്മ പറയുന്നു.

ഇടുക്കി അണക്കെട്ട് നിർമ്മാണത്തിനിടെ നടന്ന വലിയൊരു അപകടത്തെ കുറിച്ചും ഭവാനിയമ്മ പറഞ്ഞു. 80 ടൺ കോൺക്രീറ്റ് വെച്ച വലിയൊരു ബക്കറ്റുണ്ടായിരുന്നു. അതുവന്ന് രണ്ടുപേരുടെ തലയിൽ മുട്ടി. ബക്കറ്റിന്റെ മൂടി തുറന്ന് ടൺ കണക്കിന് കോൺക്രീറ്റ് താഴെ കൂടി നിന്നവരുടെ തലയിൽ വീണു. അങ്ങനെയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ആ അപകടം നടക്കുന്നത്. പിന്നീട് നിർമ്മാണത്തിനിടെയുണ്ടായ അപകടത്തെ കുറിച്ചൊന്നും അറിയില്ലെന്നും
പണിക്കാരിൽ എത്രപേർ മരിച്ചുവെന്നൊന്നും അധികൃതർ അറിയിക്കില്ലെന്നും ഭവാനിയമ്മ
പറഞ്ഞു.

സൈറൻ അടിക്കുമ്പോഴാണ് അപകടം നടന്നുവെന്ന് മനസ്സിലാക്കിയിരുന്നത്. അപ്പോഴും പണി നിർത്താൻ സമ്മതിക്കില്ലായിരുന്നു. തന്റെ ഭർത്താവ് വീട്ടിൽ വരുമ്പോൾ ഭവാനിയമ്മ അപകടത്തെ കുറിച്ച് ചോദിക്കുമായിരുന്നു. എന്നാൽ വീട്ടിലെ സ്ത്രീകളോട് ഇക്കാര്യങ്ങളൊന്നും പറയരുതെന്ന് കമ്പനി നിർദ്ദേശമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നോടൊന്നും ഭർത്താവ് പറഞ്ഞിരുന്നില്ലെന്നും ഭവാനിയമ്മ പറഞ്ഞു. അപകടത്തിൽ മരിക്കുന്നവരെയെല്ലാം അവിടെ അടുത്തുതന്നെയുള്ള അള്ളുപാറ എന്ന സ്ഥലത്താണ് ദഹിപ്പിച്ചിരുന്നത്.

കോൺക്രീറ്റിന് പുറമെ ശർക്കര മണൽ എന്നിവ ചേർത്താണ് ഡാം നിർമ്മിച്ചിരിക്കുന്നത്. പിന്നെങ്ങനെ ഡാം പൊട്ടുമെന്ന് ഭവാനിയമ്മ ചോദിക്കുന്നു. ഭീമൻ പാളയത്തിനകത്തുകൂടിയാണ് അടിയിൽ നിന്ന് സിമന്റൊക്കെയിട്ട് നിരവധി പേർ തള്ളിക്കൊണ്ടുവന്ന് അതിന്റെ മുകളിൽ സിമന്റും മെറ്റലും മണലുമെല്ലാം ഇട്ട് പണിതത്. ഇത് പൊട്ടുകയോ പൊളിയുകയോ ചെയ്യുമെന്ന് പറഞ്ഞാൽ തനിക്ക് വിശ്വസിക്കാനാകില്ലെന്നും ഭവാനിയമ്മ കൂട്ടിച്ചേർത്തു.

                       അണക്കെട്ട് പണിയുന്ന കാലത്തെ തൊഴിലാളി സമരം

അണക്കെട്ട് പണിയുന്ന കാലത്ത് തൊഴിലാളി സമരം നടന്നിരുന്നു. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അണക്കെട്ട് നിർമ്മാണ തൊഴിലാളികളെല്ലാം ഒന്നടങ്കം സമരം നടത്താൻ തീരുമാനിക്കുയായിരുന്നു. ആറ് മാസം നീണ്ടു നിൽക്കുന്നതായിരുന്നു സമരം. ആ സമരത്തിന് ശേഷമാണ് പണിക്കാർക്കെല്ലാം കൂലിയായി ഒരു രൂപ ലഭിക്കുന്നത്. കരിങ്കല്ല് ചുമക്കുന്നവർക്ക് അഞ്ച് രൂപയും.

ടണലിൽ പണിയെടുക്കുന്ന കാലത്താണ് ഭവാനിയമ്മയെ ട്രക്ക് ഇടിക്കുന്നത്. അതിൽ ഭവാനിയമ്മയ്ക്ക് ഒടിവുകളും ചതവുകളുമെല്ലാം സംഭവിച്ചു. അതിന്റെ നഷ്ടപരിഹാരമായി അനുവദിച്ച പണം ഭവാനിയമ്മയ്ക്ക് ലഭിച്ചില്ല. അഭിഭാഷകൻ പറ്റിച്ചു. പത്തു ലക്ഷമാണ് ഭവാനിയമ്മയ്ക്ക് കിട്ടേണ്ടിയിരുന്നത്.

ഡാം ഉദ്ഘാന ദിവസം നടന്ന അവിശ്വസനീയ സംഭവിവാകസങ്ങളെ കുറിച്ചും ആവേശത്തോടെ ഭവാനിയമ്മ പങ്കുവെച്ചു. ഡാം ഉദ്ഘാടന ദിവസം കോൺക്രീറ്റ് ബക്കറ്റ് ഒരു തടസ്സമായി പകുതിഭാഗത്ത് വന്നു നിന്നു. പണിക്കാർ തടസ്സം പരിഹരിക്കാൻ നോക്കിയിട്ടും സാധിച്ചില്ല. അപ്പോഴാണ് ഭവാനിയമ്മയും കൂട്ടരും ‘മുത്തനെ അറിയിച്ചില്ലല്ലോ, മുത്തൻ സ്ഥാനം കണ്ടതല്ലേ, ചിലപ്പോൾ അതുകൊണ്ടായിരിക്കും’ എന്ന് അടക്കം പറയുന്നത്. അപ്പോൾ തന്നെ അധികൃതർ മുത്തനെ കൊണ്ടുവരാൻ ഏർപ്പാടാക്കുകയും ചെയ്തു. മുത്തൻ വന്ന് ഒരു അരിവാളെടുത്ത് കോറിയിട്ട് ‘ഇങ്ങോട്ട് വരട്ടെ’ എന്ന് പറഞ്ഞു. കോൺക്രീറ്റ് ബക്കറ്റ് തൽക്ഷണം മാറിയെന്ന് അതിശയത്തോടെ ഭവാനിയമ്മ പറയുന്നു.

വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top