ഒന്നും മറക്കാത്ത നായകന്‍; റൂട്ടിന് മറുപടിയായി വിരാട് കോഹ്‌ലിയുടെ ‘മൈക്ക് ഡ്രോപ്പ് സെലിബ്രേഷന്‍’ (വീഡിയോ)

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇങ്ങനെയാണ്…എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കും. ഒന്നും മറക്കുന്ന ശീലം അയാള്‍ക്കില്ല. ഇന്ത്യ -ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യദിനത്തില്‍ തന്നെ വിരാട് തന്റെ ശൈലി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നടത്തിയ ആഹ്ലാദപ്രകടനം അന്ന് തന്നെ ഇന്ത്യന്‍ നായകന്‍ കോഹിലിയെ ക്ഷുഭിതനാക്കിയിരുന്നു. ജോ റൂട്ടിന്റെ മൈക്ക് ഡ്രോപ്പ് സെലിബ്രേഷന് ഇന്നലെ കോഹ്‌ലി മറുപടി നല്‍കി.

ജോ റൂട്ട് നടത്തിയ ‘മൈക്ക് ഡ്രോപ്പ് സെലിബ്രേഷൻ’ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു ഗായകന്‍ മൈക്ക് താഴെയിടുന്നത് പോലെ ബാറ്റ് നിലത്തിട്ടാണ് റൂട്ട് ആഘോഷിച്ചത്. വിരാടിന് ഇത് ഒട്ടും രസിച്ചില്ല എന്നത് വ്യക്തമായിരുന്നു. റൂട്ടിനെ തുറിച്ചുനോക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനുള്ള മറുപടിയായിരുന്നു ഇന്നലെ കോഹ്‌ലി എഡ്ജ്ബാസ്റ്റണില്‍ നടത്തിയത്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ഒരു കൂറ്റൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. റൂട്ട് സെഞ്ച്വറിക്കരികില്‍ എത്തി നില്‍ക്കുന്നു (80 റണ്‍സ്) . പെട്ടന്നാണ് ഒരു പന്ത് ഒാൺസൈഡിലേക്ക് പോയത്. വിരാട് അതിനെ പിന്തുടർന്നു. രണ്ടു റൺസ് ഒാടിയെടുക്കാമെന്ന് റൂട്ട് കരുതി. പന്ത് കൈയ്യിൽക്കിട്ടിയ ഉടനെ വിരാട് സ്റ്റംമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. ഉന്നം പിടിക്കാനുള്ള സമയം പോലും അയാൾക്ക് ലഭിച്ചിരുന്നില്ല. ത്രോയ്ക്ക് ശേഷം സ്കിപ്പർ നിലംപതിക്കുകയും ചെയ്തു. നോൺസ്ട്രൈക്കർ എൻഡിൽ ആർ.അശ്വിൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ രണ്ടാമതൊരാളുടെ സഹായം വേണ്ടിവന്നില്ല. ത്രോ നേരിട്ട് സ്റ്റംമ്പിൽ പതിച്ചു ! ഒരു ഡൈവിനു പോലും റൂട്ടിനെ രക്ഷിക്കാനായില്ല. അലീം ദാർ തേഡ് അമ്പയറിൻ്റെ സഹായമില്ലാതെ തന്നെ വിധിച്ചു-ഒൗട്ട് !

റൂട്ട് തിരിഞ്ഞുനടക്കുമ്പോൾ വിരാട് പറക്കുംചുംബനങ്ങളെറിഞ്ഞു. മൈക്ക് താഴെയിടുന്നതുപോലുള്ള ആംഗ്യം കാണിച്ചു. ക്രിക്കറ്റിൽ അനുവദിച്ചിടത്തോളം അസഭ്യം പറഞ്ഞു. അയാളുടെ പ്രതികാരം നടപ്പിലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top