Advertisement

ഈ മാവേലി ന്യൂജനല്ല

August 2, 2018
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍വര്‍ഷങ്ങളെ പോലെ ഇത്തവണയും ഓണത്തിന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഫ്ളവേഴ്സ് ചാനല്‍. ഫ്ളവേഴ്സ് ചാനലിന്റെ ഓണം ഫില്ലറുകളാണ് അവതരണത്തിലെ പുതുമകള്‍കൊണ്ട് വീണ്ടും വ്യത്യസ്തമാകുന്നതും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും. ഓണമെന്നാല്‍ പൂക്കളവും തറവാടും മാവേലിയും മാത്രമല്ലെന്ന് മലയാളികളെ ശീലിപ്പിച്ചത് ഫ്ളവേഴ്സിന്റെ ഒാണം ഫില്ലറുകളാണ്. എന്നാല്‍ ഇത്തവണ കുതിരപ്പുറത്തേറി വന്ന മാവേലിയെ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. കുടവയറും കിരീടവും ഉള്ള കണ്‍വെന്‍ഷണല്‍ മാവേലിയെ പ്രതീക്ഷിച്ച മലയാളിയ്ക്ക് മുന്നിലേക്കാണ് കുതിരപ്പുറത്തേറി ചെറുപ്പക്കാരനായ ഈ മാവേലി എത്തിയത്. അതിമനോഹരമായ ദൃശ്യമികവുകൊണ്ടും ഭംഗികൊണ്ടും ചിത്രീകരിച്ച ഈ ഫില്ലറിലുള്ളത് ന്യൂജന്‍ മാവേലിയാണെന്ന് വരെയാണ് വിലയിരുത്തലുകള്‍. എന്നാല്‍ എന്താ ഈ മാവേലി ഇങ്ങനെ എന്ന് ചോദിച്ചാല്‍ മാവേലി ഇങ്ങനെയല്ലെന്നതിന് എന്താണ് തെളിവെന്ന് തിരിച്ച് ചോദിക്കും ഈ വീഡിയോയുടെ സൃഷ്ടാവ്, ഫ്ളവേഴ്സ് ചാനലിലെ പ്രൊമോ ഹെഡ്, വിവേക്, കാരണം വിവേക്  നടത്തിയ കൃത്യമായ ഗവേഷണത്തിന്റെ ഫലമാണ് ഈ ഫില്ലറും, മാവേലിയും, അതിലെ വരികളുമെല്ലാം.

ചരിത്രം മാറ്റുന്നുവെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ചരിത്രത്തെ മാറ്റുകയല്ല, ചരിത്രത്തെ വസ്തുതാപരമായി പറയുകയാണ് ഈ വീഡിയോയിലെന്ന് വിവേക് പറയുന്നു. ചരിത്രം മാറ്റിയത് മറ്റുള്ളവരാണ്, ഈ വീഡിയോ ചരിത്രം ചരിത്രമായി തന്നെ പറയുകയാണ്. മഹാബലി എന്ന വ്യക്തി അമരത്വം ഉള്ളയാളാണ്.

ഭഗവാന്‍ വിഷ്ണു തന്നെയാണ് മഹാബലിയ്ക്ക് അമരത്വം നല്‍കിയതും. നൂറ് അശ്വമേധയാഗങ്ങള്‍ ജയിച്ച ആളാണ് മഹാബലി. അങ്ങനെ ജയിച്ചക്കുന്ന ആള്‍ ഇന്ദ്രന് തുല്യനാണെന്നാണ് പുരാണത്തില്‍ പറയുന്നത്. അങ്ങനൊരാള്‍ എങ്ങനെയാണ് വയസ്സാകുന്നത്? വിവേക് ചോദിക്കുന്നു.

പിന്നെ വിമര്‍ശനം വരുന്നത് ഇതില്‍ റാപ് മ്യൂസിക് ഉപയോഗിച്ചു എന്നതാണ്. റാപ് പ്രതിഷേധത്തിന്റെ സ്വരമാണ്. മുദ്രാവാക്യങ്ങളാണ് അവ. ഫോക് രൂപം, അതെങ്ങനെയാണ് ന്യൂജെന്‍ ആകുന്നത്. ഇതില്‍ എന്റെ ക്രിയേറ്റീവ് സൈഡില്‍ ഞാന്‍ ചെയ്തത് പുലികളെ ഈ വീഡിയോയില്‍ അവതരിപ്പിച്ചു എന്നത് മാത്രമാണ്. മഹാബലിയുടെ പടയാളികളായാണ് ഞാന്‍ പുലികളെ അവതരിപ്പിച്ചത്. മൂന്ന് ലോകങ്ങളുടേയും ഫീല്‍ വരാത്ത സ്ഥലം എന്ന് കാണിക്കാനാണ് ഷൂട്ട് ചെയ്യാന്‍ അത്തരം ഒരു സ്ഥലം തെരഞ്ഞെടുത്തതും. വാഗമണിലെ തങ്ങള്‍പാറ എന്ന സ്ഥലമാണിത്. വായു, വെള്ളം, ഭൂമി ഇതൊന്നും അല്ലാത്ത ഒരു സ്ഥലം എന്ന തോന്നലാണ് ആ സ്ഥലം തരുന്നത്. ഐതീഹ്യത്തോട് അത്രയധികം നീതീ പുലര്‍ത്തിയാണ് വരികള്‍ ഒരുക്കിയതും, ചിത്രീകരിച്ചതും. വിമര്‍ശിക്കുന്നവര്‍ ഒരിക്കല്‍ പോലും ആ വരികള്‍ ശ്രദ്ധിച്ചിട്ടില്ലെന്നതാണ് സത്യം.

ആ വരികള്‍ ഇതാണ്

ഏയ്,

ഒന്ന്, മൂന്ന്, രണ്ട്,നാല്, നാലതല്ല

നൂറു അശ്വമേധ യാഗം മൂന്ന് ലോകം സ്വന്തം

അറിഞ്ഞു ചെയ്തതാണാ ദാനം ഇഷ്ട ദേവനതെ

ഐരാവത വാഹനമത് ദാനമതായി

ചെയ്ത ഇന്ദ്രനാണെ

ഏയ്

ദാനം എന്ന വാക്കു കേട്ടു

വീണതാണെ

കൂടെ കൂട്ടു നിന്ന വാക്കു തട്ടി

ചെയ്തതാണെ

ദ്വാരപാലകനായി ദ്വാപരതൻ

നാഥനാണെ

കോടി കൊല്ലം ഈ ഭൂമി വാണ

മന്നനാണെ

മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ….

ആമോദത്തോടെ വസിക്കും കാലം ആപത്തെങ്ങാർക്കുമൊട്ടില്ല താനും…

ഏയ് …

ഓണം, ശ്രവണം, ത്യാഗം ബലി –

മഹാബലി, മഹാ വീരൻ, മഹാ ദേവൻ

തന്നെ

അറിയാതിരു കൂവള ഇലകൾ

കൊണ്ടു ഇന്ദ്രനൻ ആയവനാണെ

അറിവിന്മേലേറിയാ കോടി കൊല്ലം

ഭൂമി വാണവനാണെ

ദാനത്തിൻ വാക്കിൽ, നേരാ,

വീരോചന പുത്രനാണെ

വാമനനുടെ കാലത്തു തൊട്ടു മണ്ണിൽ

ആണ്ട് പോയവനാണെ

പൂവിളികൾ കേൾക്കാനായി ആണ്ടിൽ

ഒന്ന് വന്നവനാണെ

മാന്വന്തരമതു തൻ അപ്പുറം

ദേവലോക രാജനാണെ

നൂറ് അശ്വമേധയാഗം ചെയ്ത ആളാണ് മഹാബലി. അതില്‍ നൂറാമത്തേത് നടക്കുന്നതിനിടയിലാണ് വാമനന്‍ വരുന്നതും തടസ്സങ്ങളുണ്ടാകുന്നതും. നൂറ് അശ്വമേധ യാഗം ചെയ്താല്‍ ഇന്ദ്രന് തുല്യനാണെന്നാണ് പറയുന്നത്. ഇന്ദ്രസേനന്‍ എന്നാണ് മഹാബലിയുടെ യഥാര്‍ത്ഥ പേര് തന്നെ. അതാണ് ആദ്യ വരികളില്‍ പറയുന്നത്.
നൂറാമത്തെ അശ്വമേധയാഗം നടക്കുന്ന സമയത്ത് മൂന്ന് ലോകത്തിന്റേയും അധിപനായിരുന്നു മാവേലി. പാലാഴി മഥന സമയത്ത് മാവേലി വധിക്കപ്പെടുന്നുവെന്നാണ് ഐതീഹ്യം. എന്നാല്‍ പച്ചമരുന്നുകള്‍ കൊണ്ട് ജീവന്‍ വീണ്ടെടുത്ത് മഹാബലി തിരിച്ചു വരുന്നുണ്ട്. ആ മഹാബലിയാണ് ഇന്ദ്രനെ തോല്‍പ്പിച്ച് ദേവലോകം കീഴടക്കുന്നത്. അറിയാതിരു കൂവള ഇലകൾ, കൊണ്ടു ഇന്ദ്രനൻ ആയവനാണെ എന്ന വരികള്‍ ഈ ഐതീഹ്യത്തേയാണ് സൂചിപ്പിക്കുന്നത്.

maveli മാവേലിയുടെ പാതാളലോകത്ത് കാവല്‍ നില്‍ക്കുന്നത് വാമനനാണ്. ഇത് കാണിക്കാനാണ് വീഡിയോയില്‍ ആദ്യം മെതിയടിയും ഓലക്കുടയും  കാണിച്ചത്. ദ്വാരകപാലകനായി എന്ന് തുടങ്ങുന്ന വരികള്‍ ഈ ഐതീഹ്യമാണ് പറയുന്നത്. സ്വര്‍ഗ്ഗത്തോളം ഉയര്‍ത്തും എന്ന് ഉറപ്പ് നല്‍കിയാണ് വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നത്. അദിതിയ്ക്ക് നല്‍കിയ ഉറപ്പിന്റെ പേരിലാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതും. മന്വന്തകാലത്ത് മാവേലിയ്ക്ക് ഇന്ദ്രസ്ഥാനം നല്‍കുമെന്നാണ് ആ സമയത്ത് വിഷ്ണു ഭഗവാന്‍ നല്‍കിയ ഉറപ്പ്. അമരത്വവും അപ്പോഴാണ് വരമായി നല്‍കിയത്. മഹാബലി വിഷ്ണുവിന്റെ കടുത്ത ഭക്തനായത് കൊണ്ടാണ് ആ ദാനത്തിന് തയ്യാറായത് എന്നതാണ് അറിഞ്ഞു ചെയ്തതാണാ ദാനം ഇഷ്ട ദേവനതെ എന്ന വരികള്‍ പറയുന്നത്. ഇതിലെവിടെയാണ് ചരിത്രത്തെ വളച്ചൊടിച്ചതെന്ന് വിവേക് ചോദിക്കുന്നു.

വിവേക് ആശയങ്ങള്‍ പറഞ്ഞ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കെയ്ഡെന്‍സാണ് ഇതിന്റെ വരികള്‍ ഒരുക്കിയത്.കെയ്ഡെന്‍സ് തന്നെയാണ് ഇതിന്റെ റാപ് വോക്കല്‍സും ചെയ്തിരിക്കുന്നത്. രഞ്ജിന്‍ രാജ് വര്‍മ്മയുടേതാണ് സംഗീതം. ടി ഡി ശ്രീനിവാസിന്റേതാണ് ക്യാമറ. എഡിറ്റിംഗ് ദിനേശ് ഭാസ്കര്‍, കളറിംഗ് പ്രിജു ജോസ്,ഗ്രാഫിക്സ് സുജേഷ് എകെ .ദിലീപ് ഖാനാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്

ഇനി ആ ഫില്ലര്‍ വീഡിയോ ഒന്നുകൂടി കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement