Advertisement

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതി; ജലന്ധര്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് അന്വേഷണസംഘം

August 3, 2018
0 minutes Read

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം. ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നും ഡിവൈഎസ്പി പി.കെ സുഭാഷ് പറഞ്ഞു. കേസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണസംഘം ഇപ്പോള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. അതിന് ശേഷം ജലന്ധറിലേക്ക് തിരിക്കും. ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. രണ്ട് ദിവസത്തിനകം ജലന്ധര്‍ ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളുടെ മൊഴിയെടുക്കുകയായിരിക്കും ആദ്യം ചെയ്യുക. കന്യാസ്ത്രീ തന്റെ ഭര്‍ത്താവുമായി അടുപ്പം പുലര്‍ത്തിയിരുന്ന എന്ന ഭാര്യയുടെ പരാതിയിലെ സത്യാവസ്ഥ അറിയാനാണ് ഡല്‍ഹിയിലെത്തി ദമ്പതികളില്‍ നിന്ന് മൊഴിയെടുക്കുന്നത്. അതിന് ശേഷം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ( സിബിസിഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍ നിന്നും മൊഴിയെടുക്കും. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി ഓസ്വാള്‍ഡ് ഗ്രേഷ്യസിന് നല്‍കിയിരുന്നതായി ഇരയായ കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സിബിസിഐ പ്രസിഡന്റില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സുനില്‍ തോമസിനെ ഒഴിവാക്കി. കേസ് മറ്റൊരു ബഞ്ചായിരിക്കും ഇനി പരിഗണിക്കുക. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍കക്ഷിയായിട്ടുണ്ട്. ബിഷപ്പിനെതിരെ പരാതി കിട്ടിയിട്ടും നടപടി എടുത്തില്ലെന്നാണ് കര്‍ദിനാളിനെതിരായ ആരോപണം. അന്വേഷണസംഘം ഇതുവരെ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top