എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; നാലാം ദിനം എന്തും സംഭവിക്കാം

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഒരു വിജയിയെ ഉറപ്പ്. ആതിഥേയരായ ഇംഗ്ലണ്ടിനും ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും വിജയം തൊട്ടരികില്‍. ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ശേഷിക്കേ 84 റണ്‍സ് സ്വന്തമാക്കിയാല്‍ വിജയിക്കാം…മറുവശത്ത് 84 റണ്‍സിനിടയില്‍ ഇന്ത്യയുടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ പിഴുതെടുത്താല്‍ ആതിഥേയര്‍ക്കും. കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് ഇരുടീമുകള്‍ക്കും ആദ്യ ടെസ്റ്റ്.

194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 ല്‍ എത്തി നില്‍ക്കുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്‌ലി 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നതാണ് ഇന്ത്യയുടെ ഏക ആശ്വാസം. 18 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കാണ് വിരാടിനൊപ്പം ക്രീസിലുള്ളത്.

ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകര്‍ച്ച രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ക്ഷമയോടെ ബാറ്റ് വീശാന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും സാധിച്ചില്ല. ഓപ്പണര്‍മാരായ മുരളി വിജയ് (6) ശിഖര്‍ ധവാന്‍ (13) എന്നിവരുടെ വിക്കറ്റുകള്‍ സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സ് ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് നഷ്ടമായി. ലോകേഷ് രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), രവിചന്ദ്രന്‍ അശ്വിന്‍ (13) എന്നിവര്‍ ബര്‍മിങാമില്‍ പരാജയപ്പെട്ടു. 78 റണ്‍സിലേക്ക് ടീം ടോട്ടല്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍, പിന്നീട് വന്ന ദിനേശ് കാര്‍ത്തിക് കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ വലിയ നഷ്ടമില്ലാതെ മൂന്നാം ദിനം കളി അവസാനിച്ചു.

നേരത്തേ, 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് 180 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇഷാന്ത് ശര്‍മയും അശ്വിനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഇഷാന്ത് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 63 റണ്‍സ് നേടിയ സാം കറാന്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top