തൊടുപുഴയിലെ കൂട്ടക്കൊലപാതകം; കൃഷ്ണൻ ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് പോലീസ്

തൊടുപുഴ കമ്പകക്കാനത്ത് കൊല്ലപ്പെട്ട കൃഷ്ണൻ ആരെയോ ഭയപ്പെട്ടിരുന്നതിന് തെളിവ്. വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത് ഇതിനാലെന്ന് പോലീസിന് മൊഴി ലഭിച്ചു. കൃഷ്ണന്റെ സുഹൃത്തുക്കളെയും ആഭിചാരക്രിയയ്ക്ക് എത്തിയവരെയും പോലീസ് ചോദ്യം ചെയ്യും.
ദുരൂഹ സാഹചര്യത്തിൽ മരിച്ച ഗൃഹനാഥൻ കൃഷ്ണൻ വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വരൻ ആരോപിച്ചിരുന്നു. രാത്രികാലങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നെല്ലാം കാറുകളിൽ ആളുകൾ എത്താറുണ്ടെന്നും അത് മന്ത്രവാദത്തിന് വേണ്ടിയാണെന്നും യജ്ഞേശ്വരൻ ആരോപിച്ചു. ഇക്കാരണങ്ങളാൽ, കഴിഞ്ഞ പത്ത് വർഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും അയാൾ വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൃഷ്ണനെയും കുടുംബത്തെയും കാണാതായതിനെ തുടർന്ന് അടുത്തുള്ളവർ കൃഷ്ണന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്. ബന്ധുക്കളെയും വിവരം അറിയിച്ചു. എന്നാൽ, വീട് പരിശോധിച്ചപ്പോൾ കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലായിരുന്നു. കൂടുതൽ പരിശോധന നടത്തിയപ്പോൾ വീടിനുള്ളിൽ രക്തക്കറ കാണുകയും വീടിന് പിന്നിൽ കുഴിയെടുത്തതുപോലെ മണ്ണിളകി കിടക്കുന്നതു കാണുകയും ചെയ്തു. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണ് നീക്കി പരിശോധ നടത്തിയതോടെയാണ് ഒന്നിനു പിന്നിൽ മറ്റൊന്നായി അടുക്കിയ നിലയിൽ വീടിന് പിന്നിലെ കുഴിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here