ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതിൽ പ്രതിഷേധം

സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധമുയരുന്നു. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് വിനീത് ശരൺ എന്നിവർക്ക് ശേഷമാണ് കെ.എം. ജോസഫിന്റെ പേരുള്ളത്.

സംഭവത്തിൽ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ തിങ്കളാഴ്ച പ്രതിഷേധമറിയിക്കും. കേന്ദ്രനടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മുതിർന്ന ജഡ്ജിമാർ പറയുന്നു. കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ആവശ്യപ്പെടാനാണ് ജഡ്ജിമാരുടെ തീരുമാനം.

കെ. എം. ജോസഫിന്റെ പേര് നിർദ്ദേശിച്ചതിന് ശേഷമാണ് ഇന്ദിര ബാനർജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാർശ ചെയ്തതെന്ന് പ്രതിഷേധമുയർത്തിയ ജഡ്ജിമാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇവർക്ക് ശേഷമായാണ് കേന്ദ്രം കെ.എം. ജോസഫിനെ പരിഗണിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top