Advertisement

ഇടമലയാറിലെ ഷട്ടറുകൾ നാളെ രാവിലെ എട്ടിന് തുറക്കും; പെരിയാറിൽ ഒന്നര മീറ്റർ വരെ ജലനിരപ്പുയർന്നേക്കും

August 8, 2018
Google News 1 minute Read
idamalayar shutter to open tomorrow

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തിൽ ഓഗസ്റ്റ് 09 രാവിലെ എട്ടിന് ഷട്ടറുകൾ ഉയർത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കും. പെരിയാറിലെ ജലവിതാനം താഴ്ന്നു നിൽക്കുന്നതിനാലും ക്രമീകൃതമായി ജലം ഒഴുക്കുന്നതിനാലും ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പുഴയിൽ പരമാവധി ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ജലനിരപ്പുയരാനാണ് സാധ്യത.

ഇടമലയാർ പദ്ധതി പ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തിൽ 164 ഘനമീറ്റർ (ക്യൂമെക്‌സ്) ജലമാണ് പെരിയാറിലേക്ക് ഒഴുക്കുക. അണക്കെട്ട് ഇതിനു മുമ്പ് തുറന്ന 2013ൽ 900 ഘനമീറ്റർ ജലം ഒഴുക്കിയിരുന്നു.

ഇടമലയാർ അണക്കെട്ടിലെ പൂർണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്. ജലനിരപ്പ് 168.20 പിന്നിട്ട സാഹചര്യത്തിലാണ് വൈദ്യുതി ബോർഡിന്റെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയർ അതിജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിച്ചത്. തുടർന്ന് ഈ വിവരം എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർക്കും കൈമാറി. ദുരന്ത നിവാരണ അതോറിറ്റി, വിവിധ വകുപ്പുകൾ എന്നിവയ്ക്കും അറിയിപ്പിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ഇടമലയാറിലെ വെള്ളം ഷട്ടർ തുറന്ന് ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലെത്തും. ഭൂതത്താൻകെട്ടിൽ ഒന്നര മണിക്കൂറിലും പെരുമ്പാവൂർ, കാലടി മേഖലയിൽ നാല് മണിക്കൂറിനകവും ജലമെത്തുമെന്നാണ് വിലയിരുത്തൽ. ആലുവ മേഖലയിൽ ജലപ്രവാഹം എത്താൻ ആറ് മണിക്കൂർ എടുത്തേക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടമലയാർ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.

പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാമ്പുകൾ സജ്ജമാണെന്നും കളക്ടർ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും. വസ്തുതകൾ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണം. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ www.facebook.com/dcekm ലും അറിയിപ്പുകൾ യഥാസമയം ലഭ്യമാകും. കാക്കനാട് കളക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററിൽ ടോൾഫ്രീ നമ്പറായ 1077ലും ബന്ധപ്പെടാവുന്നതാണ്. മറ്റു നമ്പറുകൾ 7902200300, 7902200400, 04842423513

Report On Idamalayar (2)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here