ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുകിടക്കും; നീരൊഴുക്കില്‍ നേരിയ കുറവ്

ഇടുക്കിയിലും വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കികളയുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 7,50,000 ലിറ്ററായി ( 750 ക്യൂമക്‌സ്). അഞ്ച് ഷട്ടറുകളും ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. ചെറുതോണി പാലത്തില്‍ പൂര്‍ണമായി വെള്ളം കയറിയ സ്ഥിതിയിലാണ്. ഡാമിലെ ജലനിരപ്പ് 2400 അടിയായി കുറഞ്ഞാല്‍ മാത്രമേ ഷട്ടറുകള്‍ അടക്കുന്നതിനെ പറ്റി ആലോചിക്കൂ.
അതേസമയം, കഴിഞ്ഞ മണിക്കൂറിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2401.76 ല്‍ നിന്ന് ജലനിരപ്പ് 2401.68 ആയി കുറഞ്ഞു. ഡാമിന്റെ ഷട്ടര്‍ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തുന്നത്. ചെറുതോണി ടൗണിലും വെള്ളം കയറിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജാഗ്രതയോടെ അനുസരിക്കണമെന്നും നിര്‍ദേശമുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് പ്രതികൂലമായി ബാധിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here