ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറയുന്നു. 2401.04 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ ഇത് 2401. 76 അടി വരെ ഉയര്‍ന്നിരുന്നു. ചെറുതോണിയിലെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ് ഇപ്പോള്‍.  സെക്കന്റിൽ 750 ഘനമീറ്റർ വെളളമാണ് ഇപ്പോൾ പുറത്തുവിടുന്നത്. ജലനിരിപ്പ് 2400 അടിയാകുന്നത് വരെ ഷട്ടറുകൾ താഴ്ത്തില്ല. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞത് നീരൊഴുക്ക് കുറച്ചിട്ടുണ്ട്. പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. പെരിയാറിന്‍റെ ജലനിരപ്പ് ഉയർന്നെങ്കിലും കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് സിയാൽ വ്യക്തമാക്കിയിട്ടുണ്ട്.

കനത്ത മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. ശംഖുമുഖത്തെ വ്യോമസേന ആസ്ഥാനത്ത് നിന്നാണ് സംഘം പുറപ്പെട്ടത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. രാവിലെ ഇടുക്കിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. അവിടെ നിന്ന് മന്ത്രിമാരായ എംഎം മണിയും കെ. രാജുവും സംഘത്തോടൊപ്പം ചേരും. ഈ സംഘം പിന്നീട് ബത്തേരി സന്ദര്‍ശിച്ച ശേഷം വടക്കന്‍ ജില്ലകളിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. വൈകിട്ട് ആറ് മണിയോടെ കൊച്ചിയിലേക്ക് തിരിക്കും

Top