മഴക്കെടുതി; കേരളത്തിന് അടിയന്തര ധനസഹായമായി കേന്ദ്രം 100 കോടി അനുവദിച്ചു

മഴക്കെടുതിയും, അണക്കെട്ടുകൾ തുറന്നതും മൂലമുള്ള ദുരിതം കണക്കിലെടുത്ത് അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രളയ ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷം നെടുമ്പാശേരി സിയാൽ ഗോൾഫ് കോഴ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ രണ്ട് തവണയായി 80 കോടി രൂപ വീതം കേന്ദ്ര സഹായം അനുവദിച്ചിരുന്നു. കൂടുതൽ ധനസഹായത്തിനായുള്ള ആവശ്യം പരിഗണിക്കും. മഴക്കെടുതി വിലയിരുത്തുന്നതിനും അധിക സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സന്ദർശനം നടത്തും. കേന്ദ്ര സംഘത്തിന്റെ ശുപാർശ പ്രകാരമാകും അധിക സഹായം നൽകുക. കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചതിൽ നിന്നും കേരളത്തിലുണ്ടായ നഷ്ടം വളരെ വലുതാണെന്ന് ബോധ്യമായി. റോഡ്, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചു. വിനോദ സഞ്ചാര മേഖലയ്ക്കും വലിയ നഷ്ടം സംഭവിച്ചു. ഒരു ലക്ഷത്തോളം പേർ മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നു. മഴക്കെടുതി മൂലമുണ്ടായ നാശ നഷ്ടങ്ങൾക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിവേദനം അനുഭാവപൂർവ്വം പരിഗണിക്കും. ദേശീയ ദുരന്ത നിവാരണ സേനയെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാൽ കൂടുതൽ സേനയെ അയയ്ക്കാമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ , ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരും രാജ്നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു. നേരത്തേ നടന്ന അവലോകന യോഗത്തിൽ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ സമഗ്ര ചിത്രം ആഭ്യന്തര മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു.
കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി.സുധാകരൻ, മാത്യു ടി തോമസ്, വി.എസ്. സുനിൽ കുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, ഡി ജി പി ലോക് നാഥ് ബെഹ്റ, ഐ ജി വിജയ് സാക്കറെ, ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ആർമി, നേവി, എയർ ഫോഴ്സ്, എൻ ഡിആർ എഫ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഗ്രൂപ്പ് ക്യാപ്റ്റൻ എസ്.ബി ടോഡ്കർ, മേജർ ജനറൽ സഞ്ജീവ് നൈരെയ്ൻ – ജനറൽ ഓഫീസർ കമാൻറിംഗ് കേരള ആന്റ് കർണാടക, റിയർ അഡ്മിറൽ ആർ.ജെ നഡ്കോർണി, ബ്രിഗേഡിയർ അരുൺ സി.ജി – സ്റ്റേഷൻ കമാന്റർ തിരുവനന്തപുരം കൊച്ചി, Col. അജയ് ശർമ – കമാന്റൻഡ് ഡി എസ് സി സെന്റർ, കണ്ണൂർ എന്നിവരും റവന്യൂ, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here