പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യത

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തില്‍. ബിഷപ്പിനെതിരെ അന്വേഷണസംഘത്തിന് നിര്‍ണായകമായ മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. കസ്റ്റഡിയിലെടുത്ത് ബിഷപ്പിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണസംഘവും. ഇതിനായി അന്വേഷണസംഘം പഞ്ചാബ് പോലീസിന്റെ സഹായം തേടി.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അന്വേഷണസംഘം പാസ്റ്ററല്‍ സെന്ററിലെത്തി തെളിവെടുക്കുകയാണ്. അന്വേഷണസംഘം നടത്തിയ തെളിവെടുപ്പില്‍ മഠത്തിലെ കന്യാസ്ത്രീകളും രൂപതയിലെ വൈദികരും ബിഷപ്പിനെതിരായി മൊഴി നല്‍കിയതായി സൂചന. ബിഷപ്പ് നടത്തിയിരുന്ന ‘ഇടയനൊപ്പം ഒരു ദിവസം’ എന്ന പ്രാര്‍ത്ഥനാ പരിപാടിയില്‍ മോശം അനുഭവമുണ്ടായതായി കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ജലന്ധറിലെത്തിയ ബിഷപ്പ് കന്യാസ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാസംഗമം നടത്തുകയായിരുന്നു. പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെ കന്യാസ്ത്രീകളെ ഓരോരുത്തരെയായി ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ബിഷപ്പില്‍ നിന്ന് ഇത്തരത്തിലൊരു ദുരന്ത അനുഭവം ഉണ്ടായതോടെ പ്രാര്‍ത്ഥനാ സംഗമം നിര്‍ത്തുകയായിരുന്നെന്നും കന്യാസ്ത്രീകള്‍ പറഞ്ഞതായി സൂചനയുണ്ട്. പ്രാര്‍ത്ഥനയുടെ പേരില്‍ അര്‍ദ്ധരാത്രിയിലും ബിഷപ്പ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതായും മദര്‍ സുപ്പീരിയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് പോയ സംഘം ഇപ്പോള്‍ ജലന്ധറില്‍ അന്വേഷണം തുടരുകയാണ്.

Top