ചിലർ എന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ശ്രമിച്ചു : ഇപി ജയരാജൻ

എയു രഞ്ജിത്ത്
2016 ൽ വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ ചിലർ ഗൂഡാലോചനനടത്തിയിരുന്നുവെന്ന് ഇപി ജയരാജൻ. വ്യവസായ വകുപ്പിന് കീഴിലെ ചില പൊതു മേഖല സ്ഥാപനങ്ങളിലടക്കം നടന്ന അഴിമതികൾക്കെതിരെ താൻ കർശന നിലപാട് സ്വീകരിച്ചതാണ് ഈ ഗൂഡാലോചനയ്ക്ക് വഴിവെച്ചത്. താൻ മന്ത്രിസ്ഥാനം രാജിവെച്ച ശേഷവും തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ഇവർ ശ്രമിച്ചിരുന്നു എന്നും, ഇതിനായി കെട്ടിച്ചമച്ച നിരവധി വാർത്തകൾ സൃഷ്ടിച്ചു എന്നും പുതിയ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ട്വന്റിഫോർ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇപി ജയരാജൻ പറഞ്ഞു.
വ്യവസായ മന്ത്രിയായി വീണ്ടും ചുമതലയേറ്റത്, പാർട്ടി ഏൽപ്പിച്ച ദൗത്യം എന്ന നിലയിലാണ് കാണുന്നത്. കഴിഞ്ഞ കാലത്തെ വിവാദങ്ങൾ സംബന്ധിച്ച് ഇപ്പോൾ താൻ ചിന്തിക്കുന്നില്ല. മന്ത്രി എന്ന നിലയിൽ സ്വന്തം ഭാഗത്ത് തെറ്റുകൾ സംഭവിക്കാതെ ജന നന്മയ്ക്കായി എന്തൊക്കെ ചെയ്യാനാകും എന്നാണ് ആലോചനകൾ.
കാർഷികാഭിവൃദ്ധിയിലൂന്നിയിട്ടുള്ള വ്യാവസായിക വികസനത്തിനാണ് താൻ ഊന്നൽ നൽകുക. നമ്മുടെ മണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളടക്കം കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകാതെ എങ്ങനെ വ്യാവസായിക നേട്ടങ്ങൾക്ക് വിനിയോഗിക്കാമെന്ന് പഠനം നടത്തും. ഒപ്പം സ്വകാര്യ-പൊതുമേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഒരുക്കുന്നതിന് വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
സംസ്ഥാനം ഇത് വരെ അഭിമുഖീകരിക്കാത്ത വലിയ പ്രളയമാണ് നാം ഇപ്പോൾ നേരിടുന്നത്. ഇതിനെ ഏറ്റവും ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ കക്ഷികളടക്കം ഇക്കാര്യത്തിൽ കാട്ടിയ ഐക്യവും കൂട്ടുത്തരവാദിത്തവും മികച്ചതാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. അതേസമയം പ്രളയക്കെടുതിയുടെ നാളുകളിൽ ചിലർ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തുന്നത് തക്കം പാർത്തിരുന്ന് പ്രശ്‌നങ്ങൾ വഴിതിരിച്ച് വിടുക എന്ന ലക്ഷ്യത്തോടെയാണ്.
പരിസ്ഥിതി സംരക്ഷണത്തിലെ പ്രശ്‌നങ്ങൾ കൊണ്ട് മാത്രമല്ല ഇപ്പോഴത്തെ ദുരന്തങ്ങൾ ഉണ്ടായിട്ടുള്ളത്. കേരളത്തിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ഇനിയും സമഗ്രമായ പഠനങ്ങളും അവലോകനങ്ങളും അത്യാവശ്യമാണെന്നും ജയരാജൻ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here