‘വിഷുവല്ലേ കഴിഞ്ഞത് പല സ്ഥലത്തും പടക്കംപൊട്ടും, ശോഭ സുരേന്ദ്രനെ എനിക്കറിയില്ല’; പരിഹസിച്ച് ഇ പി ജയരാജൻ

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പരിഹാസവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. ‘പടക്കം എവിടെയെല്ലാം പൊട്ടുന്നുണ്ട്, വിഷു കഴിഞ്ഞതല്ലേ ഉള്ളൂ. പല സ്ഥലങ്ങളിൽ പടക്കം പൊട്ടും. ആ പടക്കമെല്ലാം പലതിന്റെയും ഭാഗമായിരിക്കുമെന്ന്’ ഇ പി ജയരാജൻ പരിഹസിച്ചു.
തനിക്ക് അവരെ അറിയില്ല. അറിയാതൊരാളെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല, അത് ശെരിയല്ലെന്നും ഇ പി ജയരാണ് പറഞ്ഞു.
Read Also: സ്ഥിരം വിസയുള്ളവർ മടങ്ങേണ്ടതില്ല, കേരളത്തിൽ ഉള്ളത് 104 പാകിസ്താൻകാർ; വിവരം ശേഖരിച്ച് പൊലീസ്
ഇന്നലെ രാത്രിയാണ് തൃശ്ശൂരിലെ ശോഭാ സുരേന്ദ്രന്റെ എതിർവശത്തെ വീടിന് മുൻപിലെ തറയിൽ വീണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവ സമയത്ത് ശോഭാസുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു. സ്ഫോടക വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പരിസരവാസികൾ വിവരം അറിയുന്നത്. സംഭവം അറിഞ്ഞയുടൻ സിറ്റി എസിപിയുടെ നേതൃത്വത്തിൽ ടൗൺ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. ഒരു കാർ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും, തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണെന്നും ശോഭാസുരേന്ദ്രൻ പ്രതികരിച്ചു. പൊട്ടിത്തെറി ഉണ്ടായ സ്ഥലം പ്രധാനമാണെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി.
ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയും. സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കോൺഗ്രസുകാരായാലും സിപിഐഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിലൂടെ പറഞ്ഞു.
Story Highlights : EP Jayarajan mocks Shobha Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here