രക്ഷാപ്രവര്‍ത്തനത്തെ ചാകരയാക്കി ബോട്ട് ഉടമകളുടെ പണക്കൊതി!!

രക്ഷാപ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാപക പണപ്പിരിവ് നടത്തി ചില ബോട്ട് ഉടമകള്‍. ആലപ്പുഴ ജില്ലയിലാണ് ബോട്ട് ഉടമകളുടെ ഈ പണക്കൊതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് തലയെണ്ണി കാശ് വാങ്ങുകയാണ് ചില ബോട്ട് ഉടമകള്‍. ആളൊന്നിന് 500 മുതല്‍ 5000 രൂപ വരെ ഇവര്‍ ഈടാക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെയാണ് സാധാരണക്കാരായ ജനങ്ങളെ ബോട്ട് ഉടമകള്‍ ചൂഷണം ചെയ്യുന്നത്. ദുരന്തത്തെ അതിജീവിച്ച് കരയിലേക്ക് അടുക്കുന്നവരോടാണ് സ്വകാര്യ ബോട്ട് ഉടമകളുടെ ഈ ക്രൂരത.
പ്രളയക്കെടുതിയില്‍ നിന്ന് രക്ഷ നേടി ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് ദുരിതബാധിതര്‍ എത്തുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരോ റവന്യൂ ഉദ്യോഗസ്ഥരോ സ്ഥലത്തില്ലാത്തത് മറ്റൊരു തിരിച്ചടിയാണ്. ദുരിതബാധിതര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നില്ല. എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ജനങ്ങള്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയും ഇവിടങ്ങളില്‍ ഉണ്ട്. അധികൃതര്‍ ഇക്കാര്യങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here