സാമ്പത്തിക പുനര്‍ നിര്‍മ്മാണത്തില്‍ ജാഗ്രത വേണം

–ക്രിസ്റ്റീന ചെറിയാന്‍
സമാനതകളില്ലാത്ത ദുരന്തത്തില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ 3 മുതല്‍ 5 വര്‍ഷം വരെ എടുത്തേക്കാം. മൂന്ന് എന്ന കണക്ക് ഒരാശ്വാസത്തിന് പറഞ്ഞെന്നേയുള്ളു. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അത്യധ്വാനം ചെയ്‌തെങ്കില്‍ മാത്രമേ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നിന്റെ സാമ്പത്തിക പുനര്‍നിര്‍മ്മാണം സാധ്യമാകൂ. അതീവ ജാഗ്രത പുലര്‍ത്തേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ അജന്‍ഡ ക്ലീനിങ്ങും (മനസും, കെട്ടിടങ്ങളും) രോഗ പ്രതിരോധവും, ഇലക്ട്രിക്-പ്ലംബിങ് സംവിധാനങ്ങളുടെ റിപ്പയറിങ്ങും ആകട്ടെ.
സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍
ഒരു വശത്ത് സാമ്പത്തികമായി തകര്‍ന്ന ജനത കടുത്ത ചെലവ് നിയന്ത്രണത്തിലേക്ക് പോകുമ്പോഴുണ്ടാകുന്ന ബിസിനസ് തകര്‍ച്ച നമ്മെ കാത്തിരിക്കുന്നു. ബിസിനസുകാര്‍ നിലവില്‍ ഓണം-ബക്രീദ് വിപണിയുടെ തകര്‍ച്ചയിലാണ്. അതോടൊപ്പം പ്രകൃതി ദുരന്തത്തിന്റെ താണ്ഡവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കൂടി ചേരുമ്പോള്‍ സമ്പദ് വ്യവസ്ഥ നേരിടുന്നത് കനത്ത തിരിച്ചടിയാകും. പേടിപ്പിക്കുകയല്ല ലക്ഷ്യം മറിച്ച് നമ്മുടെ സാമ്പത്തിക പെരുമാറ്റച്ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചൊരു ധാരണ ഉണ്ടാക്കുകയാണ്.
മറുവശത്ത് പുനര്‍നിര്‍മ്മാണം കാര്യക്ഷമമായി നടക്കുമ്പോള്‍ നിര്‍മ്മാണ സാമഗ്രികളുടെയും ഫര്‍ണിച്ചറുകളുടെയും ഡിമാന്റ് നിലവില്‍ ഉള്ളതിലും വര്‍ധിക്കും. സപ്ലൈ അത്രയധികം ഇല്ലാത്തതിനാല്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടാകും. പൊതു വിലക്കയറ്റം നിയന്ത്രിക്കാന്‍ പാടുപെടുന്ന കേന്ദ്രബാങ്കിനും കാര്യങ്ങള്‍ ശുഭമാവില്ല.
രാജ്യം നേരിടുന്ന വലിയ സാമ്പത്തിക വെല്ലുവിളികളിലൊന്നാണ് സ്വകാര്യ നിക്ഷേപത്തിലുള്ള കുറവ്. അതിനുള്ള പ്രധാന കാരണം ജനങ്ങള്‍ ചെലവ് കുറച്ചു തുടങ്ങിയതാണ്. ബിസിനസുകള്‍ തകരാതിരിക്കാന്‍ സാമ്പത്തിക സ്ഥിതി മെച്ചമായവരെങ്കിലും ചെലവുകള്‍ കുറയ്ക്കാതിരിക്കുക. ഓരോ ബിസിനസ് സ്ഥാപനവും നിരവധി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്. ഇവരൊക്കെ ബുദ്ധിമുട്ടിലാകും. പൊതുവെയുള്ള സാമ്പത്തിക സ്ഥിതി ദുഷ്‌ക്കരമാകും.
നിക്ഷേപ സ്വഭാവത്തില്‍ വരുത്തേണ്ട മാറ്റം
പലരുടെയും ആസ്തി നിര്‍ണ്ണയിച്ചാല്‍ നാലഞ്ച് തലമുറയ്ക്കുള്ളതെന്ന് തിട്ടപ്പെടുത്താം. മുണ്ടു മുറുക്കിയുള്ള സമ്പാദ്യശീലം ഏറ്റവുമുള്ള വിഭാഗം മലയാളികളാണ്. മറുവശത്ത് സാമ്പത്തിക അസമത്വം എന്ന് വിളിച്ചു കൂവുകയും ചെയ്യും. എന്തിനാണ് ഇങ്ങനെ സമ്പാദിക്കുന്നത് ? രണ്ട് മക്കളുള്ളവര്‍ പോലും നാലും അഞ്ചും വീടുകള്‍ വാങ്ങിയിടുന്ന കാഴ്ച. ഒരു വ്യക്തിക്ക് ഇത്രയധികം വീടുകള്‍ ആവശ്യമുണ്ടോ ? കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും മൂല്യങ്ങളും പകര്‍ന്നു നല്‍കുക. പിന്നീട് സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തുകൊള്ളട്ടെ. ഭാവി തലമുറയ്ക്കായി നമ്മള്‍ കാത്തു വെക്കേണ്ടത് നല്ല പരിസ്ഥിതിയും വിഭവങ്ങളുമാണ്. അല്ലാതെ അവരെ മടിയന്മാരാക്കുന്ന തരത്തിലുള്ള സമ്പാദ്യമല്ല. നിങ്ങള്‍ മുണ്ടുമുറുക്കിയുടുത്ത് ചെലവ് ചെയ്യാതെ അരിഷ്ടിച്ചുണ്ടാക്കുന്ന സ്വത്ത് വെറുതേ അടുത്ത തലമുറകളിലേക്കെത്തിയാല്‍ അവര്‍ക്കെന്താണ് ജോലി ?
ഒരു ലക്ഷം രൂപ മാസ വരുമാനമുള്ള ഒരു വ്യക്തിയോട് സംസാരിക്കാനിടയായി. അദ്ദേഹം പ്രതിമാസം ചെലവഴിക്കുന്നത് 15,000 രൂപ. ബാക്കി മുഴുവന്‍ അദ്ദേഹം സേവ് ചെയ്യുന്നു. ആര്‍ക്കുവേണ്ടി. അദ്ദേഹം കുറച്ചു കൂടി ചെലവ് ചെയ്യാന്‍ തയ്യാറായാല്‍ സാമ്പത്തിക രംഗം കുറച്ചു കൂടി മെച്ചപ്പെടും. അദ്ദേഹത്തിന് കുറച്ചു കൂടെ സ്വന്തം ഇഷ്ടങ്ങള്‍ക്കായി പണം ചെലവാക്കാം. വെറുതെ അരിഷ്ടിച്ചും കഷ്ടപ്പെട്ടും ഒരു ജന്മം ജീവിച്ചു തീര്‍ക്കുന്നതിനിടയില്‍ സ്വയം സന്തോഷത്തിന് മറന്നു പോകുന്ന ഇവര്‍ പലപ്പോഴും എത്തിച്ചേരുന്നത് വൃദ്ധമന്ദിരങ്ങളിലും. ഒരു സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ബിസിനസ് വളര്‍ച്ചയ്ക്കും വേണ്ട ചെലവ്-നിക്ഷേപ ശീലം നാം പഠിക്കണം
മക്കളെ സാമ്പത്തിക ഉത്തരവാദിത്തത്തിന് വിദ്യാഭ്യാസവും നല്ല മാതൃകയും നല്‍കി സഹായിക്കുക.അവര്‍ക്കുള്ള വക അവര്‍ കണ്ടെത്തട്ടെ.
നിര്‍മ്മാണ മേഖലയില്‍ തൊഴിലാളി ക്ഷാമത്തിന് സാധ്യത
പല ഇതരസംസ്ഥാന തൊഴിലാളികളും പ്രളയ ഭീതിയില്‍ നാട്ടിലേക്കു പോയിക്കഴിഞ്ഞു. എന്നാല്‍ നിര്‍മ്മാണ മേഖലയില്‍ നമുക്ക് അധികമായി ആളുകളെ ആവശ്യമായി വരികയും ചെയ്യും. പണ്ട് മലയാളികളായ നിരവധി മേസ്തിരിമാരും നിര്‍മ്മാണത്തൊഴിലാളികളും ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോഴെവിടെയെന്ന് മനസിലാകുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളി സഹോദരന്മാരുടെ സേവനം മറന്ന് കൊണ്ട് പറയുകയല്ല.ഇവിടെ നിന്നും കൂലിയിനത്തില്‍ പോകുന്ന തുകയുടെ നല്ലൊരു പങ്ക് സംസ്ഥാനത്ത് തന്നെ ചെലവാക്കേണ്ടതാണ്. പല വികസിത രാജ്യങ്ങളും ജോലിക്കാരോട് തങ്ങളുടെ രാജ്യത്ത് തന്നെ പണം ചെലവഴിക്കാന്‍ പറയുന്നതിന്റെ കാരണം ഇതാണ്. പ്രമുഖ ബാങ്കുകളിലന്വേഷിച്ചാല്‍ ഓരോ ആഴ്ചയും ഓരോ ബ്രാഞ്ചുകളും കോടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതായി മനസിലാക്കാം. വെറും ചോറും തക്കാളിക്കറിയും മാത്രം കഴിച്ച് അവരും ബാക്കി തുക സ്വന്തം സംസ്ഥാനങ്ങളിലേക്കയക്കുന്നു. ഇത് കേരളത്തിലെ വരവ്-ചെലവ് കണ്ണിയില്‍ വിടവുണ്ടാക്കുന്നു. ഇത് കുറേ വര്‍ഷങ്ങളായി സംസ്ഥാനത്തെ സാമ്പത്തിക രംഗം നേരിടുന്ന പ്രശ്‌നമാണ്. ഇവിടെയുള്ളവര്‍ നിര്‍മ്മാണ മേഖലയിലെ ജോലികള്‍ കൂടി ചെയ്യാന്‍ തയ്യാറാകണം. പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളായി വരുമാനവും അതുവഴി ചെലവും ഉറപ്പു വരുത്തണം.
പഴയ ശൈലിയിലുള്ള നിര്‍മ്മാണമാണോ നമുക്കാവശ്യം ?
ജപ്പാനില്‍ ഭൂകമ്പങ്ങള്‍ തുടരെയുണ്ടായപ്പോള്‍ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന നിര്‍മ്മാണ രീതി അവര്‍ അവലംബിച്ചിരുന്നു. അതുപോലെ സംസ്ഥാനത്തും വിവിധ പ്രദേശങ്ങളിലെ ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അതിനാവശ്യമായ നിര്‍മ്മാണ രീതികള്‍ അവലംബിക്കണ്ടിയിരിക്കുന്നു. ടൗണ്‍ പ്ലാനിങ്ങിന്റെ അഭാവം സംസ്ഥാനത്തെ മറ്റൊരു പ്രശ്‌നമാണ്.
സിംഗപ്പൂര്‍, ദുബൈ, പാരിസ് പോലെയുള്ള നഗരങ്ങളിലെ ടൗണ്‍ പ്ലാനിങ്ങാണ് അവിടെ ഗതാഗതക്കുരുക്കില്ലായ്മയും സുഗമമായ ജനജീവിതവും സാധ്യമാക്കുന്നത്. ആ അഭാവം മറികടക്കാന്‍ സാധ്യമായ അവസരമായി ഇതിനെക്കണ്ട് വേണ്ടി വന്നാല്‍ വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സേവനം കൂടി ഉറപ്പു വരുത്തി മികച്ച പ്ലാനിങ്ങോടെ പുനര്‍നിര്‍മ്മാണം സാധ്യമാക്കാം.
വിദ്യാഭ്യാസ പദ്ധതിയില്‍ ദുരന്ത നിവാരണം നിര്‍ബന്ധമാക്കണം
സുനാമിക്കു ശേഷം സിബിഎസ്ഇ സിലബസില്‍ 9,10 ക്ലാസുകളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ”ടുഗെതര്‍ ടുവേഡ്‌സ് എ സേഫര്‍ ഇന്ത്യ ‘ എന്ന പേരില്‍ മൂന്ന് പാര്‍ട്ടുകളായി ടെക്സ്റ്റ് ബുക്കുകള്‍ വഴി പഠിപ്പിച്ചിരുന്നു.
സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ആ പാഠപുസ്തകങ്ങളിലുണ്ടായിരുന്നു. അത് പഠിപ്പിച്ച അധ്യാപികയെന്ന നിലയില്‍ ഇന്ന് അത്തരം ഒരു സിലബസിന്റെ ആവശ്യം ഊന്നിപ്പറയുന്നു. അമിത പഠനഭാരമെന്ന പരാതി ഉയര്‍ന്നപ്പോള്‍ സിബിഎസ്ഇ ആ വിഷയം സാമൂഹ്യ ശാസ്ത്ര സിലബസില്‍ നിന്നെടുത്തു മാറ്റുകയായിരുന്നു. സമാനമായ പാഠ്യ പദ്ധതി അത്യാവശ്യമാണെന്ന് ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നു
ഹാം റേഡിയോ വ്യാപകമാകണം
ദുരന്ത ശേഷം വന്ന ഏറ്റവും വലിയ പ്രതിസന്ധി വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണ്. ഇത് പരിഹരിക്കാന്‍ ഹാം റേഡിയോ എന്ന വയര്‍ലെസ് വാര്‍ത്താ വിനിമയ സംവിധാനം ഉപയോഗിക്കാം. കേരളത്തില്‍ ഇത് വ്യാപകമല്ല. 13 വയസു മുതലുള്ള ആര്‍ക്കും ഹാം റേഡിയോ ഓപ്പറേറ്ററാകാം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നടത്തുന്ന ലളിതമായ പരീക്ഷ പാസായാല്‍ ലൈസന്‍സ് ലഭിക്കും. കൂടുതല്‍ പേര്‍ ഹാം റേഡിയോ ലൈസന്‍സ് എടുത്ത് ദുരന്ത നിവാരണത്തില്‍ സജീവമാകണം
ദുരന്ത ശേഷമുള്ള ആവശ്യങ്ങളുടെ കണക്കെടുപ്പു മുതലുള്ള കാര്യത്തില്‍ പ്രാവീണ്യമുള്ളവര്‍ നമുക്ക് കുറവാണ്. ഐക്യ രാഷ്ട്ര സംഘടനയുടെ ദുരന്ത നിവാരണ മുഖത്ത് പ്രവര്‍ത്തിക്കുന്ന വിദ്ഗധരുടെ സേവനം ഇതിനായി ഉപയോഗിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here