ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം; മുന്‍ എംഎല്‍എക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അന്വേഷണം

ദുരിതാശ്വാസ ക്യാംപുകളിലേക്ക് തമിഴ്നാട്ടില്‍ നിന്ന് എത്തിയ രണ്ടു ലോറികളിലെ സാധനങ്ങള്‍ തട്ടിയെടുക്കാന്‍ നീക്കം. സാധനങ്ങളും ലോറിയും പൊലീസ് പിടികൂടി. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് തട്ടിപ്പിന് ശ്രമം നടന്നത്.
ഒല്ലൂര്‍ പൊലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ നടത്തറ കാച്ചേരി പഴം-പച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണ മാര്‍ക്കറ്റിംഗ് സഹകരണസംഘം ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം. ആറു ലോറികളിലായാണ് സാധനങ്ങള്‍ തൃശൂരിലേക്ക് കൊണ്ടു വന്നിരുന്നത്. തമിഴ്നാട് ട്രേഡേഴ്സ് എന്ന സംഘടനയാണ് ലോറികളില്‍ സാധനങ്ങള്‍ അയച്ചത്. ദേശീയപാത മണ്ണുത്തി ബൈപാസില്‍ വച്ച് കോണ്‍ഗ്രസ് നേതാവ് എം.പി.വിന്‍സെന്‍റ് (ഒല്ലൂര്‍ മുന്‍ എംഎല്‍എ) ലോറികള്‍ തടയുകയും രണ്ടു ലോറികളെ കാച്ചേരിയിലേക്ക് വഴി തിരിച്ചു വിട്ടുവെന്നുമാണ് പരാതി. തുടര്‍ന്ന്, ലോറിയിലെ സാധനങ്ങള്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണ മാര്‍ക്കറ്റിംഗ് സംഘത്തില്‍ ഇറക്കി. താന്‍ മുന്‍ എംഎല്‍എയാണെന്ന് വെളിപ്പെടുത്തിയാണ് സാധനങ്ങള്‍ മാറ്റിയതെന്ന് ലോറിയിലെ ജീവനക്കാര്‍ പറഞ്ഞു.
മറ്റു ആറു ലോറികള്‍ കലക്റ്ററേറ്റിലെത്തിയപ്പോഴാണ് സാധനങ്ങള്‍ ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ഇറക്കേണ്ടതെന്ന് ജീവനക്കാര്‍ക്ക് മനസിലായത്. തുടര്‍ന്ന് രണ്ടു ലോറിയിലെ സാധനങ്ങള്‍ വഴി മധ്യേ തടഞ്ഞു നിര്‍ത്തി മറ്റൊരിടത്തേക്ക് മാറ്റിയെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്റ്റര്‍ക്ക് പരാതി നല്‍കി.
ഡെപ്യൂട്ടി കലക്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച് ഒല്ലൂര്‍ പൊലീസും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കാച്ചേരി പഴം-പച്ചക്കറി മാര്‍ക്കറ്റിംഗ് സഹകരണ സംഘം ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കണ്ടെടുത്തു. സാധനങ്ങള്‍ ഒല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 267 ചാക്ക് അരി, ആട്ട, സണ്‍ഫ്ളവര്‍ ഓയില്‍, തേയില, വാഷിംഗ് പൗഡര്‍, മിനറല്‍ വാട്ടര്‍, ബിസ്ക്കറ്റ്, തുണിത്തരങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കലക്റ്റര്‍ ടി.വി.അനുപമ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here