Advertisement

ദുരന്തനിവാരണം: ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

August 31, 2018
Google News 1 minute Read
Pinarayi Vijayan cm kerala

ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിന്ന് പ്രവര്‍ത്തിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാര്‍ദമായി അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്ന അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.

ദുരന്തം നേരിടാന്‍ എല്ലാവരും മികച്ച രീതിയില്‍ നല്ല യോജിപ്പോടെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനം മികച്ചതായിരുന്നു. പല ഉദ്യോഗസ്ഥരും അഹോരാത്രം ജോലി ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ 28,000 പേരേയുള്ളൂ. ക്യാമ്പുകളുടെ എണ്ണം 236. കൂടുതല്‍ പേര്‍ ക്യാമ്പിലുളളത് ആലപ്പുഴയിലാണ് – 17,805.

രണ്ട് ജില്ലകളിലൊഴികെ കിറ്റ് വിതരണം പൂര്‍ത്തിയായി. ആലപ്പുഴ, എറണാകുളം ജില്ലയിലാണ് ബാക്കിയുളളത്. അത് ഒന്നുരണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാകും. മൊത്തം 4.25 ലക്ഷം പേര്‍ക്കാണ് കിറ്റ് വിതരണം ചെയ്യാനുളളത്. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ വീതം ബാങ്ക് മുഖേനയാണ് വിതരണം ചെയ്യുന്നത്. നാലുദിവസം തുടര്‍ച്ചയായി ബാങ്ക് അവധി വന്നതുകൊണ്ട് വിതരണത്തില്‍ പ്രയാസം നേരിട്ടിട്ടുണ്ട്. രണ്ടുദിവസംകൊണ്ട് വിതരണം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനാവശ്യമെങ്കില്‍ വില്ലേജ്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം.

വീടുകളുടെ വൃത്തിയാക്കല്‍ നല്ലനിലയില്‍ നടന്നുവെന്ന് യോഗം വിലയിരുത്തി. 4,72,633 വീടുകള്‍ ഇതിനകം വൃത്തിയാക്കി. വെള്ളംകയറിയ വീടുകളുടെ 81 ശതമാനമാണിത്. 14,000 സ്ക്വാഡുകളാണ് വൃത്തിയാക്കുന്നതിനുവേണ്ടി രംഗത്തുളളത്. നഗരസഭ പ്രദേശത്തെ വെള്ളം ഇറങ്ങിയ വീടുകളുടെ വൃത്തിയാക്കല്‍ നാളെ പൂര്‍ത്തിയാകും. വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് മുഴുവന്‍ വീടുകളും വൃത്തിയാക്കാന്‍ കഴിയും. ഇതിനകം 10,747 വലിയ മൃഗങ്ങളുടെയും 40,593 ചെറിയ മൃഗങ്ങളുടെയും 5,23,000 പക്ഷികളുടെയും അവശിഷ്ടങ്ങള്‍ മറവ് ചെയ്തു. 15,000 ടണ്‍ ജൈവമാലിന്യമാണ് ശേഖരിച്ചത്. അതില്‍ 13,000 ടണ്‍ സംസ്കരിച്ചു. 18,543 ടണ്‍ അജൈവമാലിന്യം ശേഖരിച്ചിട്ടുണ്ട്. അത് ഉടനെ സംസ്കരിക്കും.

ശുദ്ധജലം വീടുകളില്‍ എത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ധാരാളം ശുചിമുറികള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയിട്ടുണ്ട്. പകരം നിര്‍മിക്കുന്ന ശുചിമുറികള്‍ സെപ്റ്റിക് ടാങ്ക് ഉളളതായിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വസ്, ആരോഗ്യ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നിയമ സെക്രട്ടറി ഹരീന്ദ്രനാഥ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ഡോ.വി.വേണു, ടിങ്കു ബിസ്വാള്‍, കമലവര്‍ദ്ധന റാവു, ബിശ്വനാഥ് സിന്‍ഹ, കെ.ആര്‍. ജ്യോതിലാല്‍, ഡോ. ഇളങ്കോവന്‍, നളിനി നെറ്റോ, രമണ്‍ ശ്രീവാസ്തവ, വി.എസ്. സെന്തില്‍, എം. ശിവശങ്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here