പോസ്റ്റ്മാന്‍മാരെ ബാങ്കിലെടുത്തേ…..

സെപ്റ്റംബര്‍ ഒന്നിന് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ലോഞ്ച് ആകുന്നതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാകും. പോസ്റ്റ് ഓഫീസ് പേയ്‌മെന്റ് ബാങ്ക് തുറക്കുന്നതോടെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ പോസ്റ്റ്മാന്‍മാര്‍ സഹായിക്കും.
ഉപഭോക്താക്കള്‍ക്ക് സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുറക്കാനാവും. മണി ട്രാന്‍സ്ഫര്‍, മറ്റ് റമിറ്റന്‍സുകള്‍, ബില്‍-യൂട്ടിലിറ്റി പണമടയ്ക്കല്‍, സംരംഭകരുടെയും, വ്യാപാരികളുടെയും പേയ്‌മെന്റുകള്‍ എന്നിവയും പോസ്റ്റ് ബാങ്കിലൂടെ നടത്താം. നെറ്റ് ബാങ്കിങ്-മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാകും.
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും, പിഎന്‍ബി മെറ്റ്‌ലൈഫുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് സേവനങ്ങളും പോസ്റ്റല്‍ ബാങ്ക് നല്‍കും. വായ്പകളും മറ്റ് നിക്ഷേപ സാധ്യതകളും പരീക്ഷിക്കുന്നതിനായി മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിക്കും.
നിലവില്‍ 4 ലക്ഷം സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറന്നു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം 20,690 അക്കൗണ്ടുകളാരംഭിച്ചിട്ടുണ്ട്. കറന്റ് അക്കൗണ്ട് നിക്ഷേപങ്ങളില്‍ മിനിമം ബാലന്‍സ് 1000 രൂപ നിര്‍ബന്ധമാണ്. 4 ശതമാനം പലിശയായിരിക്കും നിക്ഷേപങ്ങള്‍ക്ക് നല്‍കുക.
എല്ലാ ഇപഭോക്താക്കള്‍ക്കും ഒരു ക്യുആര്‍ കോഡ് കാര്‍ഡും നല്‍കും. ക്രെഡിറ്റ്-ഡബിറ്റ് കാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ക്യുആര്‍ കോഡ് സ്‌ക്കാന്‍ ചെയ്ത് ഇടപാടുകള്‍ നടത്താം.
ആധാര്‍-പാന്‍ നമ്പറുകള്‍ ഉപയോഗിച്ചാവും അക്കൗണ്ട് തുറക്കല്‍. ആദ്യ ഘട്ടത്തില്‍ രാജ്യമൊട്ടാകെ 650 ബ്രാഞ്ചുകളാവും തുറക്കുക. 3,250 ആക്‌സസ് പോയന്റുകളും ലഭ്യമാക്കും. ഓരോ ജില്ലയിലും ഒരു ബ്രാഞ്ചെന്ന ലക്ഷ്യത്തിനായി പോസ്റ്റ്മാന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം 804 പോസ്റ്റ്മാന്മാര്‍ നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here