പ്രളയബാധിതർക്കായി കുടുംബശ്രീ തയ്യാറാക്കുന്നത് പ്രതിദിനം 5000 കിറ്റുകൾ

എറണാകുളത്ത് പ്രളയം നാശംവിതച്ച പ്രദേശങ്ങളിലെ വീടുകളിലെത്തിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കിറ്റുകൾ തയ്യാറാകുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളാണു കളമശ്ശേരിയിലെ വിതരണ കേന്ദ്രത്തിൽ കുടുംബശ്രീ അംഗങ്ങൾ കിറ്റുകളിൽ നിറയ്ക്കുന്നത്.
ലോറികളിൽ നിന്നു സാധനങ്ങൾ ഇറക്കുന്നതുമുതൽ തരംതിരിച്ചു പാക്കുകളിലാക്കി ലോറികളിൽ കയറ്റുന്നതുവരെ എല്ലാം ചെയ്യുന്നതു കുടുംബശ്രീ അംഗങ്ങളാണ്. ജില്ലയിൽ കുടുംബശ്രീയുടെ നിയന്ത്രണത്തിൽ കിറ്റുകൾ തയ്യാറാക്കുന്ന ഏകവിതരണകേന്ദ്രവും ഇതാണ്. പ്രതിദിനം അയ്യായിരം കിറ്റുകളാണ് കുടുംബശ്രീ തയാറാക്കുന്നത്.
കുടുംബശ്രീ അംഗങ്ങൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കിറ്റുകൾ തയ്യാറാക്കുന്നതിനു സഹായം ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യങ്ങൾ ചെയ്യുന്നതിനായി കുടുംബശ്രീക്കുമാത്രമായി ജില്ലാഭരണകൂടം കളമശേരിയിൽ കേന്ദ്രം അനുവദിക്കുകയായിരുന്നു. കിറ്റുകൾ തയ്യാറാക്കുവാൻ കുടുംബശ്രീക്കു മാത്രമായി ഒരു കേന്ദ്രം അനുവദിക്കുവാൻ കഴിയുമോയെന്നു കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു കളക്ടർ അനുമതി നൽകിയത്. അതേസമയം മറ്റുകേന്ദ്രങ്ങളിലും കുടുംബശ്രീ പ്രവർത്തകരുടെ സജീവ പങ്കാളിത്തമുണ്ട്.
അഞ്ചുകിലോഗ്രാം അരി, ഒരു കിലോഗ്രാം സവാള, അരക്കിലോ ഗ്രാംവീതം പഞ്ചസാര, പയർ, പരിപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉള്ളി ഉൾപ്പെടെ അവശ്യസാധങ്ങൾ ഈ പാക്കിലുണ്ടാകും. ലഭ്യതയനുസരിച്ചു മറ്റു സാധനങ്ങളും കിറ്റുകളിൽ നിറയ്ക്കുന്നുണ്ടെന്നു കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.ആർ രാഗേഷ് പറഞ്ഞു. ഇവിടെ തയ്യാറാക്കുന്ന കിറ്റുകൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ ദുരിതബാധിതപ്രദേശങ്ങിലെത്തിക്കും. സമൂഹത്തിനു സഹായകരമാകുന്ന എന്തുകാര്യവും തങ്ങളാൽ കഴിയുന്ന വിധം ചെയ്യാൻ കുടുംബശ്രീക്ക് കഴിയുമെന്നും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ ഗുണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് കളമശ്ശേരിയിലെ പാക്കിംഗ് കേന്ദ്രം ആരംഭിച്ചത്. ഇതുവരെ 50 ലോഡ് സാധനങ്ങളാണ് ഇവിടെ ഇറക്കിയത്. ആദ്യദിവസം 450 പേരാണു സാധനങ്ങൾ ഇറക്കുന്നതിനും തരംതിരിക്കുന്നതിനുമായി പങ്കാളികളായത്. ഇപ്പോൾ ഓരോ ദിവസവും 250 പേരടങ്ങിയ ബാച്ചാണു കിറ്റുകൾ തയ്യാറാക്കുന്നത്. ദിവസവും ഇവർ മാറിവരും. ഇവർ ഓരോ ബാച്ചുകളായി തിരിഞ്ഞ് അരി മുതൽ മുളകുപൊടി വരെയുള്ള വിവിധ അവശ്യവസ്തുക്കൾ തരംതിരിച്ചു പാക്ക് ചെയ്യുന്നു. പാക്കിംഗ് പൂർത്തിയാകുമ്പോൾ അതു ഭദ്രമായി കെട്ടി ലോറികളിൽ കയറ്റാൻപാകത്തിനു ശേഖരിച്ചുവയ്ക്കുകയാണ്. വൈകുന്നേരം അഞ്ചു വരെ വിശ്രമമില്ലാതെ കിറ്റുകൾ തയ്യാറാക്കുന്നതിൽ 22 വയസുമുതൽ 60 കഴിഞ്ഞവർ ഉൾപ്പെടെയുള്ളവർ ഒരേ മനസോടെയാണു ഇവിടെ പ്രവർത്തിക്കുന്നത്.
കളമശേരിയിൽ നിന്നുള്ള 63കാരിയായ ഗിരിജ ഗോപാലകൃഷ്ണൻ പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുക്കോടെയാണ് ഓരോ പ്രവർത്തനങ്ങളിലും പങ്കാളിയാകുന്നത്. എല്ലാദിവസവും സഹായിക്കാൻ തയ്യാറാണെന്നും കുടുംബശ്രീയുടെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ പ്രായമൊരു തടസമല്ലെന്നും കെട്ടിവച്ച കിറ്റുകൾ അടുക്കിവയ്ക്കുന്നതിനിടെ ഗിരിജ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here