പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച പോലീസുകാരികള്‍ക്ക് കൂട്ടസ്ഥലം മാറ്റം

പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ മോഷ്ടിച്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരികള്‍ക്ക് കൂട്ടസ്ഥലം മാറ്റം. 13പേരെയാണ് സ്ഥലം മാറ്റിയത്. ഇതില്‍ 12പേരും വനിതാ പോലീസുകാരാണ്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.
ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാനെത്തിച്ച വസ്ത്രങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഇവര്‍ ഇത് മോഷ്ടിച്ചത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതിന് പിന്നാലെ കളക്ഷന്‍ പോയന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍. സംഭവം വിവാദമായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പെട്രോളിംഗിന് അടക്കമുള്ളവനിതാ പോലീസുകാരികളാണ് ക്യാമ്പിലേക്കുള്ള അടിവസ്ത്രങ്ങളും നെറ്റികളും, ബിസ്കറ്റും, പഞ്ചസാരയും അടക്കമുള്ളവ മോഷ്ടിച്ച് ബന്ധുക്കള്‍ക്ക് വിതരണം ചെയ്തത്. പോലീസ് സ്റ്റേഷനിലേക്ക് കാറുകള്‍ വിളിച്ച് വരുത്തിയാണ് സാധനങ്ങള്‍ കടത്തിയത്. ഇക്കാര്യം സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിയുകയും ചെയ്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ മുതിര്‍ന്ന വനിതാ സിപിഒ സാരി എണ്ണി തിട്ടപ്പെടുത്തി ബന്ധുക്കള്‍ക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇക്കാര്യത്തെ കുറിച്ച് ചോദിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരോട് തങ്ങളും ദുരിതത്തില്‍പ്പെട്ടവരാണെന്നും അത് കൊണ്ടാണ് സാധനങ്ങള്‍ ബന്ധുക്കള്‍ക്കും കുടുംബത്തിലേക്കും കൊടുത്തയച്ചതെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇവരെല്ലാം താമസിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് വനിതാ പോലീസുകാര്‍ക്ക് എതിരെ കമ്മീഷണര്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here