പുതിയ ഉംറ സീസണ്‍ പത്ത് ദിവസത്തിനകം ആരംഭിക്കും; തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാൻ പദ്ധതി

ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ പുതിയ ഉംറ സീസണ്‍ അടുത്ത ഹിജ്റ വര്‍ഷാരംഭത്തില്‍ അതായത് 2018 സെപ്റ്റംബര്‍ പതിനൊന്നിന് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് സീസണ്‍ അവസാനിച്ച് ഹിജ്റ വര്‍ഷത്തിലെ രണ്ടാം മാസമായ സഫറില്‍ ആയിരുന്നു ഉംറ സീസണ്‍ ആരംഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതിനു മാറ്റം വന്നു. ഒരു മാസം നേരത്തെ ഉംറ സീസണ്‍ ആരംഭിക്കുന്നതോടൊപ്പം സീസണ്‍ അവസാനിക്കുന്നതും നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഒരു മാസം നീട്ടി. ഇപ്പോള്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ദുല്‍ഖഅദ്, ദുല്‍ഹജ്ജ് മാസങ്ങള്‍ ഒഴികെ ബാക്കി പത്ത് മാസവും ഉംറ സീസണാണ്.

ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര അവസാനിച്ചിട്ടില്ല. എങ്കിലും ഉംറ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബന്ധപ്പെട്ടര്‍ അറിയിച്ചു. കഴിഞ്ഞ ഉംറ സീസണില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചതായാണ് കണക്ക്. ഇതില്‍ പകുതിയും റമദാന്‍ മാസത്തിലായിരുന്നു. അറുപത്തിയഞ്ചു ലക്ഷം തീര്‍ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറക്കെത്തി. ഒന്നെക്കാല്‍ കോടി ആഭ്യന്തര തീര്‍ഥാടകര്‍ കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിച്ചു.

2022 ആകുമ്പോള്‍ വര്‍ഷത്തില്‍ ഒന്നര കൊടിയും 2030 ആകുമ്പോഴേക്കും വര്‍ഷത്തില്‍ മൂന്ന് കോടിയും വിദേശ തീര്‍ഥാടകര്‍ക്ക് ഉംറക്ക് അവസരം ഒരുക്കാനാണ് പദ്ധതി. 2030 ആകുമ്പോള്‍ വര്‍ഷത്തില്‍ അമ്പത് ലക്ഷം ഹജ്ജ് തീര്‍ഥാടകര്‍ക്കും അവസരം ഒരുക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. നിലവില്‍ ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്.

Top