കുക്കിന്റെ സ്വപ്‌ന ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തഴഞ്ഞത് എന്തുകൊണ്ട്?

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പോകുന്ന ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഇടം കയ്യന്‍ ബാറ്റ്‌സ്മാനുമായ അലസ്റ്റയര്‍ കുക്കിനെ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്. എന്നാല്‍, താരം വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.
കുക്കിന്റെ സ്വപ്‌ന ടീമില്‍ ഒരു ഇന്ത്യന്‍ താരത്തിനും സ്ഥാനമില്ലാതെ പോയത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇന്ത്യയില്‍ നിന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് രാഹുല്‍ ദ്രാവിഡും കുക്കിന്റെ സ്വപ്‌ന ടീമില്‍ ഇടം കണ്ടെത്തിയിട്ടില്ല. സച്ചിനും ദ്രാവിഡുമില്ലാത്ത ടെസ്റ്റ് ടീം അപൂര്‍ണമാണെന്നാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഡിവില്ലിയേഴ്‌സ്, പോണ്ടിംഗ് എന്നിവര്‍ക്ക് പകരം സച്ചിനെയും ദ്രാവിഡിനെയും ഉള്‍പ്പെടുത്താമെന്നാണ് ഇവരുടെ അഭിപ്രായം.
സ്വപ്‌ന ടീമിന്റെ നായകനായി കുക്ക് തിരഞ്ഞെടുത്തിരിക്കുന്നത് ഗ്രഹാം ഗൂച്ചിനെയാണ്. ഗ്രഹാം ഗൂച്ചിനെ കൂടാതെ മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, ഡിവില്ലിയേഴ്‌സ്, സംഗക്കാര, ജാക്ക് കാലിസ്, മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് കുക്കിന്റെ സ്വപ്‌ന ടീമില്‍ ഇടംപിടിച്ചവര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here