‘മരുമകൾ’ കോഴ്സുമായി സ്റ്റാർട്ട് അപ് കമ്പനി

നല്ല മരുമകളാകാൻ കോഴ്സ്. ഉത്തർപ്രദേശിലെ ഒരു  സ്റ്റാർട്ട് അപ് കമ്പനിയാണ് വിചിത്രമായ കോഴ്സ് നടത്തുന്നത്.  ഉത്തര്‍പ്രദേശിലെ കാശിയില്‍ പ്രവര്‍ത്തിക്കുന്ന യങ് സികില്‍ഡ് എന്ന കമ്പനിയാണ് നല്ല മരുമകളെ ‘വാർത്തെടുക്കാൻ’ ക്രാഷ് കോഴ്സ് നടത്തുന്നത്.   ‘എന്റെ മകള്‍, എന്റെ അഭിമാനം’  എന്നാണ് കോഴ്സിന്റെ പേര്.
മാതാപിതാക്കള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കോഴ്സ് ആരംഭിച്ചതെന്ന് പറയുന്നു.  കോഴ്സിനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഒരു പോലെ രംഗത്ത് എത്തിയിട്ടുണ്ട്.  സ്റ്റാര്‍ട്ടപ്പ് കമ്പനി  കാശിയിലെ വനിതാ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനുമായി ചേർന്ന് നടത്തിയ സർവെയിലാണ് ഈ പരിശീലനം വേണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. തുടർന്നാണ് മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്സ് കമ്പനി ആരംഭിച്ചത്.

വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരെ ഏതു പ്രതിസന്ധിഘട്ടവും നേരിടാന്‍ പ്രാപ്തരാക്കുകയും, അവരെ ഒരു നല്ലമരുമകളായി വാര്‍ത്തെടുക്കുകയുമാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് യങ് സ്‌കില്‍ഡ് ഇന്ത്യ സി.ഇ.ഒ നീരജ് ശ്രീവാസ്തവ പറയുന്നു. ഇത് പ്രകാരം മറ്റുള്ളവരുമായി എങ്ങനെ ഇടപെടണം, പ്രശ്‌നപരിഹാരങ്ങള്‍, സമ്മര്‍ദ്ദവും ഉത്കണഠയും എങ്ങനെ നേരിടണം, വസ്ത്രധാരണം, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

 

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top