സൗദിയിൽ ട്രാഫിക് പിഴയടക്കാനുള്ളവർക്ക് ആറു മാസത്തെ സാവകാശം; അല്ലെങ്കിൽ കോടതി കയറേണ്ടി വരും

ജിദ്ദ: ഗതാഗത നിയമലംഘനത്തിനുള്ള പിഴയടക്കാൻ ബാക്കിയുള്ളവർ ആറു മാസത്തിനുള്ളിൽ അടയ്ക്കാൻ സൗദി ട്രാഫിക് വിഭാഗം നിർദേശിച്ചു. അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക് കൈമാറും. പിഴയടക്കുന്നത് വരെ എല്ലാ സർക്കാർ സേവനങ്ങളും നിർത്തി വെക്കും. ഇരുപതിനായിരം റിയാലോ അതിൽ കൂടുതലോ ആണ് കുടിശികയെങ്കിൽ പിഴയടക്കാൻ ഒരു മാസത്തെ സാവകാശം നൽകും. വൈകിയാൽ കേസ് കോടതിക്ക് കൈമാറും. ആറു മാസം വരെ പിഴയടക്കാതിരുന്നാലും കോടതിക്ക് കൈമാറും.
പുതിയ നിയമപ്രകാരം വാഹനം ഓണാക്കി ഡോർ അടയ്ക്കാതെ ഡ്രൈവർ പോയാൽ നൂറ് മുതൽ നൂറ്റിയമ്പത് റിയാൽ വരെ പിഴയടക്കണം. പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്തല്ലാതെ കാൽനടക്കാർ റോഡ് ക്രോസ് ചെയ്താലും പിഴയടക്കേണ്ടി വരും. പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കാക്കിയാൽ മുന്നൂറു മുതൽ അഞ്ഞൂറ് റിയാൽ വരെയാണ് പിഴ. വാഹനമോടിക്കുമ്പോൾ ഫോൺ ചെയ്യുക, തുരങ്കങ്ങളിലൂടെ ഹെഡ് ലൈറ്റ് ഇല്ലാതെ വാഹനമോടിക്കുക എന്നിവക്കുള്ള പിഴ അഞ്ഞൂറ് മുതൽ തൊള്ളായിരം റിയാൽ വരെയാണ്.
പരിശോധകർ ആവശ്യപ്പെടുമ്പോൾ ഡ്രൈവിംഗ് ലൈസൻസ്, വാഹന രെജിസ്ട്രേഷൻ രേഖകൾ എന്നിവ കാണിക്കാതിരുന്നാൽ ആയിരം മുതൽ രണ്ടായിരം റിയാൽ വരെ പിഴയടക്കണം. നമ്പർ പ്ളേറ്റ് മറയ്ക്കുക, ട്രക്കുകൾ തെറ്റായ ട്രാക്കിലൂടെ ഓടിക്കുക മുവ്വായിരം മുതൽ അയ്യായിരം വരെ അടയ്ക്കണം. മദ്യമോ മയക്കുമരുന്നോ ഉപോയോച്ചു വാഹനം ഓടിച്ചാൽ അയ്യായിരം മുതൽ പതിനായിരം വരെ പിഴയടക്കണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here