അഭിമന്യു വധം; പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു; കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കുള്ളിൽ

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ കേസിൽ നേരിട്ട് പങ്കാളികളായ പ്രതികളെയാണ് സാക്ഷികൾ തിരിച്ചറിഞ്ഞത്. കേസിന്റെ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമർപ്പിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി ജെ ഐ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആദിൽ, പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ് അംഗം സനീഷ്, ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷററായ നെട്ടൂർ സ്വദേശി റെജീബ്, പത്തനംതിട്ട സ്വദേശിയും കോളേജിൽ ഒന്നാം വർഷ ബിരുദ പ്രവേശനം നേടിയ വിദ്യാർഥിയുമായ ഫറൂഖ് എന്നിവരടക്കമുള്ള പ്രതികളെയാണ് സാക്ഷികൾ തിരിച്ചറിഞ്ഞത്.
30 പ്രതികളുള്ള കേസിൽ മറ്റ് പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രവും നൽകും. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ക്രിമിനലുകളായ 15 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here