‘ഭൂഖണ്ഡത്തിലെ വമ്പന്‍മാരെ തേടി’; ഏഷ്യ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കം

ഏഷ്യ കപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പിന് യുഎഇയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ബംഗ്ലാദേശ് – ശ്രീലങ്ക ഉദ്ഘാടന മത്സരം നാളെ വൈകീട്ട് അഞ്ചിന് ആരംഭിക്കും. സെപ്റ്റംബര്‍ 18 ന് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം (സെപ്റ്റംബര്‍ 19) തന്നെ ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം അബുദാബിയില്‍ നടക്കും.
ശക്തരായ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കു പുറമേ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകളും ഏഷ്യ കിരീടത്തിനായി കളത്തിലിറങ്ങും. പാകിസ്ഥാനും ഹോങ്കോങ്ങിനുമൊപ്പം ഗ്രൂപ്പ് ‘എ’ യിലാണ് ഇന്ത്യ. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് ‘ബി’ യില്‍ ഉള്ളത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും നഷ്ടമായതിനാല്‍ ഏഷ്യ കപ്പ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. തുടര്‍ച്ചയായ മത്സരങ്ങള്‍ കോഹ്‌ലിയെ തളര്‍ത്താതിരിക്കാനാണ് ഏഷ്യ കപ്പില്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 28 നാണ് ഫൈനല്‍ നടക്കുക. സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളാണ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇരു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് എത്തും.
ഏറ്റവും കൂടുതല്‍ തവണ ഏഷ്യ കപ്പ് നേടിയ ഇന്ത്യന്‍ ടീമിന് (ആറ് തവണ) പാകിസ്ഥാന്‍ തന്നെയായിരിക്കും ഏറ്റവും വലിയ എതിരാളികളാകുക. 2016 ലെ ഏഷ്യ കിരീടം (ട്വന്റി 20 ഫോര്‍മാറ്റ്) ഇന്ത്യയാണ് സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here