ഐഎസ്ആർഒ ചാരക്കേസ്; 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് സുപ്രീംകോടതി

ഐഎസ്ആർഒ ചാരക്കേസിൽ കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് സപ്രീംകോടതി. ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.
കേസ് അന്വേഷിച്ചിരുന്ന മുൻ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയൻ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നമ്പി നാരായണൻ ഹർജിയിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പിഴ ഇവരിൽ നിന്ന് ഈടാക്കുമെന്നാണ് സൂചന.
24 വർഷമായി തുടർന്ന് വന്ന നിയമ പോരാട്ടത്തിനൊടുവിലാണ് നിർണ്ണായക വിധി വന്നിരിക്കുന്നത്. നമ്പിനാരായണനെ മന:പൂർവം കേസിൽപ്പെടുത്തിയെന്നും കസ്റ്റഡിയിൽ മർദിച്ചുവെന്നത് ബോധ്യപ്പെട്ടതായി സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. നമ്പിനാരായണന്റെ അറസ്റ്റ് മാനസിക പീഡനമായിരുന്നുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
ഇവർക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ചിൻറെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here