ചാരക്കേസിലെ വിധിയറിയാതെ ചന്ദ്രശേഖര്‍ യാത്രയായി

ചാരക്കേസില്‍ വൈകിവന്ന നീതിയുടെ വിധിയറിയാതെ കെ ചന്ദ്രശേഖര്‍ യാത്രയായി. ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത കെ. ചന്ദ്രശേഖര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് സംസ്കാര ചടങ്ങുകള്‍ നടക്കും. കുറ്റാരോപിതനായ ചന്ദ്രശേഖര്‍ പോലീസ് കസ്റ്റഡിയില്‍ കനത്ത പീഡനങ്ങളാണ് അനുഭവിച്ചത്. റഷ്യന്‍ കമ്പനിയായ ഗ്ലാവ്‌കോസ്‌മോസിന്റെ ലെയ്സണ്‍ ഏജന്റായിരിക്കെയാണ് ചാരക്കേസില്‍പ്പെടുത്തി ചന്ദ്രശേഖറെ അറസ്റ്റ് ചെയ്തത്.
സുപ്രീം കോടതി വിധി വരുന്നതിന്റെ തലേന്ന് വൃക്ക രോഗം വര്‍ദ്ധിച്ച് അബോധാവസ്ഥയിലായിരുന്നു. രാജ്യദ്രോഹിയെന്ന വിളിപ്പേര് സഹിക്കവയ്യാതെയാണ് ഇദ്ദേഹം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തേയും ഭാര്യയുടെ ജോലിയെ പോലും കേസ് ബാധിച്ചു. എച്ച്എംടിയില്‍ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ വിജയമ്മയുടെ സ്ഥാനക്കയറ്റം വരെ കേസിന്റെ പേരില്‍ നിഷേധിക്കപ്പെട്ടു. തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ ചന്ദ്രശേഖര്‍ നല്‍കിയ കേസ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയില്‍ വിചാരണയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here