അനായാസം പാകിസ്ഥാന്‍ ‘കടന്ന്’ ഇന്ത്യ; വിജയം എട്ട് വിക്കറ്റിന്

ഏഷ്യാ കപ്പിലെ വാശിയേറിയ പോരാട്ടമാകുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന മത്സരം തീര്‍ത്തും ഏകപക്ഷീയമായി പര്യവസാനിച്ചു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ പാകിസ്ഥാനെ അനായാസം കീഴടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ ഇന്നിംഗ്‌സ് വെറും 162 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അത് മറികടന്നു. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയുടെയും (39 പന്തില്‍ 52 റണ്‍സ്) ശിഖര്‍ ധവാന്റെയും (54 പന്തില്‍ 46) ഇന്നിംഗ്‌സുകളാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ 86 റണ്‍സ് ആയപ്പോഴാണ് ഓപ്പണിംഗ് കൂട്ടുക്കെട്ട് പിരിഞ്ഞത്. 52 റണ്‍സുമായി രോഹിത് മടങ്ങിയതിനു പിന്നാലെ സ്‌കോര്‍ബോര്‍ഡില്‍ 104 റണ്‍സായപ്പോള്‍ ധവാനും മടങ്ങി. എന്നാല്‍, പിന്നീട് വന്ന അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തികും കരുതലോടെ ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇരുവരും 31 റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് ലഭിച്ച പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 43.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ബാബര്‍ അസം (47) വെറ്ററന്‍ താരം ശുഐബ് മാലിക് (43) എന്നിവര്‍ മാത്രമാണ് പാകിസ്ഥാനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തിയത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലേക്ക് പ്രവേശിച്ചവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here