ഫിഷ് പെഡിക്യൂർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് കാൽവിരലുകൾ; ലോകത്തെ ഞെട്ടിച്ച് അനുഭവക്കുറിപ്പ്

ഫിഷ് പെഡിക്യൂർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് കാൽവിരലുകൾ. ഫിഷ് പെഡിക്യൂറിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതിന്റെ ഫോട്ടോ സഹിതമുള്ള അനുഭവ കുറിപ്പ് യുവതി തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
തായ്‌ലൻറിൽ വെച്ച് 2010ൽ ചെയ്ത ഫിഷ് പെഡിക്യൂറാണ് ഇരുപത്തിയൊമ്പതുകാരിയായ വിക്ടോറിയ കർത്തോയ്‌സിൻറെ ജീവിതം മാറ്റിമറിച്ചത്. ഫിഷ് പെഡിക്യൂർ കഴിഞ്ഞതിന് പിന്നാലെ വിക്ടോറിയയെ പനിയും മറ്റ് അസുഖങ്ങളും പിടികൂടി. വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ വിക്ടോറിയയുടെ രോഗം കണ്ടെത്തി.
എല്ലുകളിലെ അണുബാധയെ തുടർന്ന് ഓസ്റ്റിയോമൈലിറ്റിസ് എന്ന രോഗമാണ് വിക്ടോറിയയെ ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. 2012ൽ വലത് കാലിലെ തള്ളവിരൽ മുറിച്ചുമാറ്റേണ്ടിവന്നു. എന്നിട്ടും അസുഖം ഭേദമായില്ല. ഒടുവിൽ കഴിഞ്ഞ വർഷം വലത് കാലിലെ എല്ലാ വിരലുകളും നീക്കം ചെയ്യേണ്ടിവന്നു.
സ്പായ്ക്ക് ഉപയോഗിച്ച മീനുകളല്ല, മറിച്ച് ഫിഷ് ടാങ്കിലെ അണുബാധയാണ് വൻദുരന്തം വരുത്തിവെച്ചത്.
ഫിഷ് പെഡിക്യൂറിന്റെ പ്രത്യാഘാതത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ വിരലുകൾ മുറിച്ചുമാറ്റപ്പെട്ട കാൽപാദത്തിൻറെ ചിത്രങ്ങൾ വിക്ടോറിയ പോസ്റ്റ് ചെയ്യാൻ തുടങ്ങി. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഫിഷ് പെഡിക്യൂർ നിരോധിച്ചിട്ടുണ്ട്.
ഫിഷ് പെഡിക്യൂറിന് ഉപയോഗിക്കുന്ന മീനുകൾ ഉപദ്രവകാരികൾ അല്ലെങ്കിലും ഒരേ വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here