വന്നത് രാജകീയമായി, തിരിച്ച് പോകുന്നത് പോലീസ് വാഹനത്തില്‍; ഇടത്തും വലത്തും പോലീസ് ഉദ്യോഗസ്ഥര്‍; മാലയും മോതിരവും ളോഹയും ഊരിവാങ്ങി! (വീഡിയോ)

franco mulakkal

മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് വന്നപ്പോഴും ബിഷപ്പ് ഫ്രാങ്കോ ചിരിച്ചുകൊണ്ടാണ് ഹൈടെക് സെല്ലിനുള്ളിലേക്ക് കയറിയത്. താന്‍ നിരപരാധിയാണെന്ന ഭാവമായിരുന്നു ആ മുഖത്ത്. മൂന്നാം ദിനത്തിലേക്ക് ചോദ്യം ചെയ്യല്‍ കടന്നപ്പോള്‍ തന്നെ അറസ്റ്റിനെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു.

ആഢംബര ഹോട്ടലായ ക്രൗണ്‍ പ്ലാസയിലാണ് ബിഷപ്പ് ഈ ദിവസങ്ങളില്‍ തങ്ങിയിരുന്നത്. ക്രൗണ്‍ പ്ലാസയില്‍ നിന്ന് തന്നെയാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി അദ്ദേഹം എത്തിയത്. വരുമ്പോഴും പോകുമ്പോഴും മാധ്യമങ്ങള്‍ക്ക് പിടിതരാതിരിക്കാന്‍ ബിഷപ്പ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ക്യാമറ കണ്ണുകള്‍ വെട്ടിച്ച് ബിഷപ്പിനെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാന്‍ ആവശ്യത്തിലേറെ സഹായികളുണ്ടായിരുന്നു. വിവിധ കാറുകളിലായാണ് ബിഷപ്പും സംഘവും ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് എത്താറുള്ളത്. മൂന്നാം ദിവസവും പതിവ് തെറ്റിയില്ല. എന്നാല്‍, ആദ്യ രണ്ട് ദിവസങ്ങളില്‍ തിരിച്ച് പോയതുപോലെയല്ല ബിഷപ്പ് മൂന്നാം ദിനം മടങ്ങിയത്.

ഉച്ചയോടെ തന്നെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമായി. പഞ്ചാബിലുള്ള ബിഷപ്പിന്റെ അഭിഭാഷകരെയും ബിഷപ്പിന്റെ വീട്ടുകാരെയും അറസ്റ്റിനെ കുറിച്ച് അന്വേഷണസംഘം അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു. അതിന് മുന്നോടിയായി രാത്രി എട്ട് മണിയോടെ ബിഷപ്പിന്റെ കുടുംബാംഗങ്ങളെ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന വസ്തുത അന്വേഷണസംഘം അറിയിച്ചു. അവരെ ഹൈടെക് സെല്ലിലേക്ക് വിളിച്ചുവരുത്തി. ബിഷപ്പിന്റെ സഹോദരനെ സെല്ലിനകത്തേക്ക് കയറ്റി കാര്യങ്ങള്‍ അറിയിച്ചു. ശേഷം പൗരോഹിത്യത്തിന്റെ പ്രതീകമായ ളോഹ ഊരിവാങ്ങി. മെത്രാന്‍ പട്ടത്തിന്റെ ഭാഗമായുള്ള മാലയും മുദ്രാമോതിരവും ഊരിവാങ്ങി. ശേഷം, പാന്റ്‌സും ജുബ്ബായും അണിഞ്ഞാണ് ബിഷപ്പ് ഹൈടെക് സെല്ലിന്റെ പുറത്തേക്ക് എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടും ബിഷപ്പിന്റെ മുഖത്ത് പഴയ ചിരി തന്നെയായിരുന്നു. അതിന് ശേഷം പോലീസ് ജീപ്പില്‍ കയറ്റി ബിഷപ്പിനെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസ് ജീപ്പില്‍ ബിഷപ്പിന്റെ ഇടത്തും വലത്തുമായി ഓരോ പോലീസുകാരുണ്ടായിരുന്നു. ജീപ്പിലിരുന്നും ബിഷപ്പ് ചിരിക്കുന്നുണ്ടായിരുന്നു!നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More