വിട പറഞ്ഞത് കൊമേർസ്യൽ ചിത്രങ്ങളിൽ നിന്നും അകന്നുമാറി പച്ചയായ ജിവിതകഥകൾ നമുക്ക് മുന്നിൽ വരച്ചിട്ട സംവിധായിക

ബോളിവുഡിൽ ഒരുകാലത്ത് നിലനിന്നിരുന്ന കൊമേർസ്യൽ ചിത്രങ്ങൾ നിന്നുമാറി അന്നത്തെ ഇന്ത്യൻ സമൂഹത്തിന്റെ അധികമാരും ചർച്ച ചെയ്യപ്പെടാത്ത ജീവിതകഥകൾ തുറന്നുപറഞ്ഞ
സംവിധായികയായിരുന്നു അന്തരിച്ച കൽപ്പന ലജ്മി. 1993 ൽ ഇറങ്ങിയ റുഡാലി എന്ന ചിത്രത്തിന്റെ പേരിലാണ് കൽപ്പന ഇന്നും ഓർമ്മിക്കപ്പെടുന്നത്.
മരണവീട്ടിൽ വിലപിക്കാൻ വേണ്ടി വാടകയ്ക്ക് വിളിക്കുന്ന സിത്രീകളുടെ കഥ പറയുന്ന മാഹാശ്വേത ദേവിയുടെ ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിച്ച റുഡാലി ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിനാണ് ഡിംപിൾ കപാടിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നതും.
ബോളിവുഡ് അപൂർവ്വം മാത്രം പരിഗണിച്ചിരുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെയും മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ജീവിതസാഹചര്യങ്ങളെ കുറിച്ചുമായിരുന്നു കൽപ്പനയുടെ ചിത്രങ്ങളേറെയും. ഏക് പൽ, ഭിന്നലിംഗക്കാരെ കുറിച്ച് പറയുന്ന ധർമിയ, തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണം.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് കൽപ്പന സിനിമാലോകത്ത് എത്തുന്നത്. ശ്യാം ബെനഗലിന്റെ സഹസംവിധായികയായാണ് കൽപ്പന ലജ്മിയുടെ തുടക്കം. ഭൂമിക എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്തതും കൽപ്പനയാണ്.
ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയാണ് കൽപ്പന ഒരു സംവിധായികയായി വളരുന്നത്. 1978 ൽ പുറത്തിറങ്ങിയ ‘ഡിജി മൂവി പയനിയർ’ ആണ് കൽപ്പന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഡോക്യുമെന്റിയായിരുന്നു അത്. പിന്നീട് എ വർക്ക് സ്റ്റഡി ഇൻ ടീ പ്ലക്കിങ്ങ് (1979), അലോങ്ങ് ദ ബ്രഹ്മപുത്ര (1981) എന്നിങ്ങനെ നിരവധി ഡോക്യുമെന്ററി സംവിധാനം ചെയ്തു.
1986 ലാണ് ഷബാന ആസ്മി, നസറുദ്ദീൻ ഷാ എന്നിവരെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിച്ച ഏക് പൽ എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാവും കൽപ്പന തന്നെയായിരുന്നു. ഗുൽസാറിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥയും കൽപ്പന രചിച്ചു.
ഇതിനിടെ കൽപ്പന സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് സീരിയൽ രംഗത്തേക്ക് ചുവടുമാറ്റി. തൻവി ആസ്മി കേന്ദ്രകഥാപാത്രത്തിൽ എത്തിയ ലോഹിത് കിനാരെയാണ് കൽപ്പന സംവിധാനം ചെയ്യുന്ന ആദ്യ ടെലിവിഷൻ സീരിയൽ. ശേഷം 1993 ൽ പുറത്തിറങ്ങിയ ‘റുഡാലി’ എന്ന ചിത്രത്തിലൂടെയാണ് കൽപ്പന സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തിൽ ഡിംപിൾ കപാടിയയുടെ അഭിനയത്തിന് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. റുഡാലിയുടെ സംവിധായിക എന്ന നിലയിൽ കൽപ്പനയും ജ്യൂറിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പിന്നീട് 1997 ൽ പുറത്തിറങ്ങിയ ദർമിയ, 2001 ൽ പുറത്തിറങ്ങിയ ദമൻ, 2003 ൽ പുറത്തിറങ്ങിയ ക്യൂ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2006 ൽ പുറത്തിറങ്ങിയ ചിങ്കാരിയാണ് കൽപ്പനയുടെ അവസാന ചിത്രം. 2001 ൽ പുറത്തിറങ്ങിയ ദമൻ എന്ന ചിത്രത്തിലെ അഭിനയത്തിന് രവീണ ടണ്ടണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
ഭൂപെൻ ഹസാരികയുമായി ചേർന്ന് സിനിമകൾ ചെയ്തിരുന്ന കൽപ്പന പിന്നീട് അദ്ദേഹത്തിന്റെ പങ്കാളിയായെന്നും പറയപ്പെടുന്നു. ഭൂപൻ ഹസാരികയെ കുറിച്ച് ഒരു പു്‌സതകവും കൽപ്പന ലജ്മി എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കൽപ്പന ലജ്മിയുടെ വൃക്കയിൽ ക്യാൻസർ ബാധയുണ്ടെന്ന വാർത്ത പുറത്തുവരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here