അഭിനയമാണ് ജീവിതം; ആണത്തമാണ് അടയാളം

ഉന്മേഷ് ശിവരാമന്‍
അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. 2012 സെപ്റ്റംബര്‍ 24 ന് മരണം. മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോഴും, ക്യാമറയ്ക്ക് മുന്നിലായിരുന്നു തിലകന്‍. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആണത്തമായിരുന്നു തിലകന്റെ മുഖമുദ്ര. മലയാളി മറക്കാത്ത അഭിനയമാണ് തിലകന്റേത്. സിനിമാലോകത്തെ താന്‍പോരിമകളെ ചെറുത്ത പോരാട്ടവീര്യവും മലയാളികള്‍ ഓര്‍മ്മിക്കാതിരിക്കില്ല.
മക്കളില്‍ ആറാമന്‍ ; നാടകം വഴി സിനിമ
1935-ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പ്ലാങ്കമണ്ണിലാണ് തിലകന്റെ ജനനം. പിതാവ് പാലപ്പുറത്ത് ടി എസ് കേശവന്‍. മാതാവ് ദേവയാനി. ആശാന്‍ പള്ളിക്കൂടത്തിലും സെന്റ് ലൂയിസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ പഠനം.
കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി.
തിലകന്റെ സിനിമാവഴികള്‍
‘ഗന്ധര്‍വക്ഷേത്രം’, ‘ഉള്‍ക്കടല്‍’ എന്നീ സിനിമകള്‍ക്കു ശേഷം ‘കോല’ങ്ങളിലാണ് (1981) തിലകന്‍ വേഷമിട്ടത്. കള്ളു വര്‍ക്കിയെന്ന കഥാപാത്രം വഴിത്തിരിവായി.ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, തിലകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തി. ‘യവനിക’യിലെ (1982) അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.
ഇടവേളയ്ക്കു ശേഷം സജീവമായപ്പോഴും മലയാളി തിലകന്റെ അഭിനയമികവ് കണ്ടറിഞ്ഞു. 2011-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍ റുപ്പിയും’ 2012-ല്‍ ഇറങ്ങിയ ‘ഉസ്താദ് ഹോട്ടലും’ അവസാനകാലത്തെ ഹിറ്റുചിത്രങ്ങളായി. ‘സീന്‍ ഒന്ന്, നമ്മുടെ വീട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തിലകന്‍ മരണത്തിലേക്ക് വീണുപോയത്.
മലയാള സിനിമയുടെ നഷ്ടങ്ങള്‍
‘പെരുന്തച്ച’നിലെ(1990) അഭിനയം തിലകനെ ദേശീയ പുരസ്‌കാരത്തിന് തൊട്ടടുത്ത് എത്തിച്ചു. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയായി. അമിതാബ് ബച്ചനാണ് പുരസ്‌കാരം ലഭിച്ചത്. അമിതാബിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാജീവ് ഗാന്ധിയാണ് ഇടപെടല്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. ആണത്തം കൊണ്ടാണ് തിലകന്‍ അതിനെയൊക്കെ നേരിട്ടത്.
മലയാളി മറക്കാത്ത ചിത്രങ്ങള്‍
ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അയനം (1985) , യാത്ര (1985) , സന്‍മനസുള്ളവര്‍ക്ക് സമാധാനം (1986) , പഞ്ചാഗ്നി ( 1986) , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) , മൂന്നാംപക്കം ( 1988) , ധ്വനി (1988) , കിരീടം (1989) , ചെങ്കോല്‍ (1993) , മിന്നാരം (1994) , അനിയത്തിപ്രാവ് (1997) , വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) , പ്രജാപതി ( 2006) , ഏകാന്തം (2007), ഇവിടം സ്വര്‍ഗ്ഗമാണ് (2009)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here