വിവേചനത്തിന് തിരുത്ത്; ചരിത്രവിധിയുടെ ആഹ്ലാദം

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍ തിരുത്തപ്പെട്ടത് 158 വര്‍ഷത്തെ കുറ്റകരമായ വിവേചനം. മാന്യതയ്ക്കും സ്വകാര്യതയ്ക്കും മുകളില്‍ ഏകാധിപത്യം വേണ്ടെന്ന് കോടതി പറഞ്ഞുവെച്ചു. ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ലെന്ന് വിധി പ്രസ്താവത്തിന്റെ ആദ്യ ഭാഗത്ത് തന്നെ കോടതി വ്യക്തമാക്കി. ഭര്‍ത്താവുമായി ചേര്‍ന്നുനില്‍ക്കുമ്പോള്‍ മാത്രമല്ല സ്ത്രീകള്‍ക്ക് വ്യക്തിത്വം ഉണ്ടാവുക എന്ന നിരീക്ഷണം ലൈംഗികതയില്‍ പോലും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം സ്ത്രീക്ക് അനുവദിക്കപ്പെടണം എന്ന കാഴ്ചപ്പാടിലാണ്.
രാജ്യത്തെ സംസ്‌കാരം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പറിയിച്ചിട്ടും വിവേചനമെന്ന സുപ്രധാനമായ പ്രശ്‌നത്തെ കോടതി ഗൗരവമായി പരിഗണിച്ചു എന്നതാണ് പ്രധാനം. വിവാഹേതരബന്ധം പൊതുകുറ്റകൃത്യമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കോടതി അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. സുഖകരമല്ലെങ്കില്‍ മറ്റ് ബന്ധങ്ങളിലേക്ക് സ്വാഭാവികമായി നീങ്ങുമെന്ന കോടതി നിരീക്ഷണം സങ്കുചിതമനസുകളെ അസ്വസ്ഥപ്പെടുത്തുമെന്നുറപ്പ്. വിവാഹേതരം എന്ന് കേട്ടാലുടന്‍ സദാചാരക്കൊടിയുയര്‍ത്തുന്നവരോട് ലൈംഗികതയിലെ സ്വാതന്ത്ര്യം സ്ത്രീയ്ക്കും അവകാശപ്പെട്ടതെന്ന് കോടതി ഊന്നിപ്പറഞ്ഞു.വിവാഹമെന്ന കെട്ടുപാടിന്റെ പരിശുദ്ധിക്കായി വ്യക്തിത്വം ബലികഴിക്കേണ്ടതില്ലെന്ന വിശാലകാഴ്ചപ്പാട് മാറ്റങ്ങളുടേതാണ്.
ചരിത്രവിധിയെന്ന് ആഹ്ലാദിക്കുമ്പോള്‍, ഒന്നുണ്ട് നിലവിലെ സാമൂഹികാന്തരീക്ഷത്തില്‍ വിധി ഉണ്ടാക്കുന്ന പ്രതിഫലനമെന്തെന്നത്. വിവാഹേതരബന്ധങ്ങള്‍ വ്യക്തിപരമായ തീരുമാനങ്ങളും അവകാശങ്ങളുമായി കാണുന്നവരില്‍ ഈ വിധി എന്തുമാറ്റമാണുണ്ടാക്കുക. മാറ്റം ഒന്നുമാത്രമാണ് കുടുംബം ഏകാധിപത്യസംവിധാനമാണെന്നതിന് ഒരു തിരുത്ത്. അല്ലെങ്കിലും ഒരാള്‍ ജീവിതകാലമത്രയും പങ്കാളിക്കൊപ്പം ഉറച്ചുനില്‍ക്കണമെന്ന് പറയാന്‍ ഏത് ഭരണകൂടത്തിനാണ് അവകാശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here