ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീം കോടതി

ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി. 12വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ശബരിമല കേസില്‍ വിധി വരുന്നത്. ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ഇത് സംബന്ധിച്ച് എട്ട് ദിവസം നീണ്ട് നിന്ന വാദമാണ് കോടതിയില്‍ നടന്നത്. നാല് ജഡ്ജിമാര്‍ക്ക് കേസില്‍ ഒരു അഭിപ്രായമായിരുന്നു. വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ഭിന്നാഭിപ്രായമായിരുന്നു.
ശാരീരിക അവസ്ഥയുടെ പേരില്‍ സ്ത്രീകളോടെ വിവേചനം പാടില്ല. വിശ്വാസത്തില്‍ തുല്യതവേണമെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പവിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് സമമാണ്. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. മതത്തിലെ പുരുഷാധിപത്യം മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ വാദം കേൾക്കുന്നതിനിടെ പൊതുക്ഷേത്രമായ ശബരിമലയിൽ ഒരു വിഭാഗം സ്ത്രീകളെ മാത്രം പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചപരമാണെന്ന് കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.
1990ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിന്റെ ചിത്രം പത്രങ്ങളില്‍ വന്നതോടെയാണ് ശബരിമല സ്ത്രീ പ്രവേശനം കേസിന് തുടക്കം കുറിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രന്‍ ഈ ചിത്രവുമായി ആദ്യ കേസ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 1990സെപ്തംബര്‍ 24നായിരുന്നു ഇത്. 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. പിന്നീട് 15 വര്‍ഷത്തിന് ശേഷം യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here