‘യുവതികള്‍ക്ക് മല ചവിട്ടാം!’; പരമോന്നത നീതിപീഠത്തിന്റെ സുപ്രധാന വിധി ഇങ്ങനെ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്രവിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസായ ഇന്ദു മല്‍ഹോത്ര മാത്രമാണ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയത്.
അയ്യപ്പ വിശ്വാസികള്‍ക്ക് പ്രത്യേക വിഭാഗമായി മാറിനില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ ഹിന്ദു മതത്തിന്റെ ഭാഗമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളോടുള്ള വിവേചനം 26-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഭരണഘടനാ ബെഞ്ച് വിലയിരുത്തി. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ട്. ലിംഗപരമായ വിവേചനം ആരാധനാ സ്വാതന്ത്രത്തിന് എതിരാണ്. ആരാധനാ സ്വാതന്ത്ര്യം എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെ അനുവദിക്കണം. ലിംഗാടിസ്ഥാനത്തില്‍ വിവേചനം പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളെ ദൈവ തുല്യരായി കാണുന്നവരാണ് ഇന്ത്യയിലുള്ളവര്‍. അങ്ങനെയുള്ള സാഹചര്യത്തില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here