ശബരിമലയിലെ സ്ത്രീ പ്രവേശനം മാത്രമല്ല, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം ആകാമെന്ന് കൂടിയാണ് സുപ്രീംകോടതി വിധി

കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്ന് ബി റദ്ദാക്കിയത് വഴി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് മാത്രമല്ല സുപ്രീം കോടതി പച്ചക്കൊടി കാണിച്ചത്, മറിച്ച് ആര്‍ത്തവകാലത്തെ ക്ഷേത്ര പ്രവേശനത്തിന് കൂടിയാണ്. ഈ വകുപ്പില്‍ തന്നെയാണ് ശബരിമലയില്‍ 10വയസ്സിനും 50വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവര്‍ കയറരുതെന്ന വിലക്ക് ഉണ്ടായിരുന്നത്.
ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ വേർതിരിക്കുന്നതു ശരിയല്ല. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനവും പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.
ആര്‍ത്തവത്തിന്റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി മൗലികാവകാശങ്ങളുടെ ലംഘനമാണോയെന്നും, നിലവിലെ നിയന്ത്രണം ശരിവെച്ച 1991 ലെ ഹൈക്കോടതി വിധിക്കെതിരെ അന്ന് അപ്പീല്‍ നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ റൂട്ട് ഹര്‍ജിക്ക് നിയമസാധ്യതയുണ്ടോ എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here