‘കൊടുംതീവ്രവാദികള്‍ പാകിസ്ഥാനില്‍ സ്വൈര്യസഞ്ചാരം നടത്തുന്നു’; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പാകിസ്ഥാനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. പെഷവാറിലെ സൈനിക സ്കൂള്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ വാദത്തിന് ഇന്ത്യ അതേനാണയത്തില്‍ മറുപടി നല്കി. സ്വന്തം ഭീകരതയുടെ മുഖം മറച്ചുപിടിക്കാനാണ് പാകിസ്ഥാന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീര്‍ പറഞ്ഞു.
ഭീകരതയ്ക്കെതിരെ പോരാടുന്നുവെന്നാണ് പാകിസ്ഥാന് പറയുന്നത്. എന്നാല്‍ വസ്തുത മറിച്ചാണ്. 132 തീവ്രവാദികള്‍ക്ക് പാലും പഴവും നല്കി ഊട്ടിവളര്‍ത്തുന്നില്ലെന്ന് പാകിസ്ഥാന് പറയാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു. യു.എന്‍ പട്ടികയിലുള്ള കൊടുംതീവ്രവാദിയായ ഹഫീസ് സയിദ് പാകിസ്ഥാനില്‍ സ്വൈര്യസഞ്ചാരം നടത്തുന്നില്ലെന്ന് പാകിസ്ഥാന് പറയാനാകുമോയെന്നും ഈനം ചോദിച്ചു. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പാകിസ്ഥാനിലെ പഴയ സര്‍ക്കാരിനെ പോലെ തന്നെയാണെന്ന് ഈനം ഗംഭീര്‍ പറഞ്ഞു.
2014-ലെ പെഷവാര്‍ സ്കൂള്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ആരോപണം ഇന്ത്യ തള്ളി. യു.എന്‍ ആഗോള തീവ്രവാദ പട്ടികയില്‍ പെടുത്തിയ 132 തീവ്രവാദികളെ അതിഥികളായി കാണുകയും അവരെ സംരക്ഷിക്കുകയുമാണ് പാകിസ്ഥാന് ചെയ്യുന്നത്. സ്കൂള്‍ ആക്രമണത്തിനിടെ 150 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യയ്ക്കുണ്ടായ ദുഃഖം രേഖപ്പെടുത്തുന്നതിന് പാര്‍ലമെന്റിന്റെ ഇരുസഭകളും രണ്ട് മിനിട്ട് മൗനമാചരിച്ചിരുന്നു. ഖുറേഷി ഇപ്പോള്‍ ഉന്നയിച്ച ആരോപണം നിഷ്കളങ്കരായ ആ കുട്ടികളുടെ ഓര്‍മയെ അവഹേളിക്കുന്നതാണ് – ഈനം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here