പാഴ് വസ്തുക്കള്‍ക്കൊണ്ട് ചെറിയ ലോകം സൃഷ്ടിച്ച് മനാഫ്

ഈ ലോറി കണ്ടോ? 7.8 സെന്റീമീറ്റര്‍ മാത്രമാണ് ഇതിന്റെ വലിപ്പം. എന്നാല്‍ ഒരു കാര്യം കൂടി പറയാം… പേപ്പര്‍, ടൂത്ത് പിക്, ഇയര്‍ ബഡ്സ്, റീഫില്‍ തുടങ്ങിയ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. ഞെട്ടിയോ? തൃശ്ശൂര്‍ എടമുറ്റം സ്വദേശിയായ മനാഫാണ് ഈ കുഞ്ഞ് അത്ഭുതത്തിന് പുറകില്‍. ജോലി കൊണ്ട് ഓട്ടോ മൊബൈല്‍ എന്‍ജിനീയറായ മനാഫ് ഉണ്ടാക്കുന്നതും മിനിയേച്ചര്‍ വാഹനങ്ങളാണ്. കെഎസ്ആര്‍ടിസി ബസ്, ലോറി, റോള്‍സ് റോയ്സ്, ഫാന്റം കാറ്‍, ബജാജിന്റെ ചേതക് സ്ക്കൂട്ടര്‍ തുടങ്ങി അറുപതോളം മിനിയേച്ചര്‍ വാഹനങ്ങളാണ് മനാഫ് പാഴ് വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചത്.
പത്താം ക്ലാസില്‍ നിന്നേ മനാഫിനൊപ്പം കൂടിയതാണ് ഈ ‘ചെറുപ്രേമം’. അന്നൊക്കെ കല്യാണക്കത്തുകളായിരുന്നു റോ മെറ്റീരിയല്‍സ്. പിന്നീട് ചുറ്റുപാടും വെറുതേ കിടന്ന എല്ലാം ഈ കുഞ്ഞു കലയ്ക്കായുള്ള അസംസ്കൃത വസ്തുക്കളായി. വാഹന പ്രേമിയായത് കൊണ്ടാവും വാഹനങ്ങള്‍ തന്നെയാണ് എപ്പോഴും മനാഫിന്റെ കൈകളില്‍ പിറവി കൊണ്ടിട്ടുള്ളത്. പിന്നീട് മനാഫ് ഡിഗ്രി നേടിയതും ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗിലാണ്. അതോടെ ഉണ്ടാകുന്ന വാഹനങ്ങളുടെ ഡയമെന്‍ഷനുകളും കിറുകൃത്യമായി.
കഴിഞ്ഞ ഏഴ് കൊല്ലമായി കുടുംബസമ്മേതം ദുബായില്‍ സ്ഥിരതാമസക്കാരനാണ് മനാഫ്. ദുബായിലേക്ക് പറിച്ച നട്ടതോടെ നഗരത്തിരക്കില്‍പ്പെട്ട് തന്റെ കലയ്ക്ക് കുറച്ച് നാള്‍ അവധി നല്‍കിയിരുന്നു മനാഫ്. യാദൃശ്ചികമായി മിനിയേച്ചേഴ്സ് ക്രാഫ്റ്റേഴ്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയില്‍ അംഗമായതോടെ വീണ്ടും തന്റെ കലയെ ചേര്‍ത്ത് പിടിക്കാന്‍ മനാഫിന് കഴിഞ്ഞു. ആ ഗ്രൂപ്പില്‍ സമാന കഴിവുള്ളവരുടെ പോസ്റ്റുകള്‍ കണ്ടതോടെ തന്റെ കലയെ വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു മനാഫ്. അതിന് ശേഷം കഴിഞ്ഞ ഒന്നരവര്‍ഷമായി തന്റെ കലയ്ക്ക് മനാഫ് അവധികൊടുത്തിട്ടില്ല.
ഫോര്‍ എക്സ് എന്ന മെറ്റീരിയലാണ് ഇപ്പോള്‍ ഏറ്റവും കൂടുതലായി മനാഫ് ഉപയോഗിക്കുന്നത്. ഹോര്‍ഡിംഗ്സ് കടകളില്‍ നിന്ന് വരുന്ന വെയ്സ്റ്റുകള്‍ അതിനായി ശേഖരിക്കും. പെയിന്റ് മാത്രമാണ് കാശ് കൊടുത്ത് വാങ്ങുന്നതെന്ന് മനാഫ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here