നിർമ്മാണ ചിലവ് 90 ലക്ഷം; സോളാർ പാനൽ, വാക്വം ടെക്‌നോളജി തുടങ്ങി നൂതന സംവിധാനങ്ങൾ; പറയുന്നത് ഒരു ശൗചാലയത്തെ കുറിച്ച് !

90 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ശൗചാലയത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? സോളാർ പാനൽ, വാക്വം ടെക്‌നോളജി എന്നിങ്ങനെ നൂതന സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ശൗചാലയമാണ് നഗരത്തിലെ ഏറ്റവും വിലപിടിച്ച ശൗചാലയം.
മുംബൈ മറൈൻ ഡ്രൈവിലെ ആർട്ട് ഡെകോ ആർക്കിടെക്ച്ചറുമായി ഒത്തുപോകത്തക്ക രീതിയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. ഒരു പബ്ലിക് ടോയിലെറ്റ് പണിയാൻ സാധാരണഗതിയിൽ ബിഎംസി (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) മുടക്കുന്നത് 25 മുതൽ 30 ലക്ഷം രൂപ വരെയാണ്. എന്നാൽ ഇത് പ്രത്യേക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്നതുകൊണ്ടാണ് നിർമ്മാണ ചിലവ് 90 ലക്ഷമായത്.
വെതറിങ്ങ് സ്റ്റീൽ ഉപയോഗിച്ചാണ് ശൗചാലയം പണികഴിപ്പിച്ചിരിക്കുന്നത്. മോൽക്കൂരയിൽ സോളാർ പാനലും ഘടിപ്പിച്ചിട്ടുണ്ട്. ശൗചാലയത്തിനകത്ത് വെളിച്ചത്തിനായി വേണ്ട വൈദ്യുതി ഇതിൽ നിന്ന് ഉത്പാദിപ്പിക്കും. ഇവിടെ നിന്നും പുറംതള്ളുന്ന മാലിന്യം സീവേജ് ടാങ്കിലൂടെ മുനിസിപ്പാലിറ്റിയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തും.
ഒറ്റത്തവണ ഫ്‌ളഷ് ചെയ്യുന്നതിന് എട്ട് ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്. എന്നാൽ വാക്വം ടെക്‌നോളജിയിലൂടെ ഇത് 800 എംഎൽ ആയി കുറയുന്നു.
ഒരു മാസം ശൗചാലയത്തിന്റെ അറ്റുകുറ്റ പണികൾക്കായി മാത്രം ഒരു ലക്ഷം രൂപയാണ് വേണ്ടത്. ആദ്യ രണ്ട് മാസങ്ങളിൽ പൊതുജനങ്ങൾക്ക് ശൗചാലയം ഉപയോഗിക്കുന്നത് സൗജന്യമായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here