സാലറി ചലഞ്ച്; ശമ്പളം പിടിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി
പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചലഞ്ച് ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ച് വാങ്ങുന്ന തരത്തിലാകരുതെന്ന് ഹൈക്കോടതി. സംഭാവനകള്‍ സ്വമേധയാ നല്‍കുന്നതാകണമെന്നും മറിച്ചുള്ള നടപടി ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥരിലും ദുരിത ബാധിതരുണ്ട് അവരുടെ പട്ടികയുണ്ടോ എന്നും കോടതി ചോദിച്ചു. ചലഞ്ച് ഏറ്റെടുക്കാത്തവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. എജി കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് ഇത്തരത്തില്‍ നിര്‍ബന്ധ പിരിവെന്നും കോടതി കുറ്റപ്പെടുത്തി.
സാലറി ചലഞ്ച് നിര്‍ബന്ധിതമല്ലെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സാലറി ചലഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ സംഘാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സാലറി ചലഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയതിനെ തുടര്‍ന്നാണ് എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here