Advertisement

ബ്രൂവറി അനുമതി റദ്ദാക്കി

October 8, 2018
Google News 1 minute Read

ബ്രൂവറി,ബ്ലെന്റിംഗ് യൂണിറ്റുകള്‍ക്കുള്ള അനുമതി  റദ്ദാക്കിയെന്ന്  മുഖ്യമന്ത്രി. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നല്‍കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇന്ന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ബ്രൂവറികളുടെ അനുമതി റദ്ദാക്കിയ കാര്യം അറിയിച്ചത്. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭാവിയില്‍ ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിംഗുകള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം (പൂര്‍ണ്ണരൂപം)

ബ്രൂവറി അനുമതി 08-10-2018

മൂന്ന് ബ്രൂവറിയും രണ്ട് ബ്ലെന്‍റിംഗ് യൂണിറ്റും സര്‍ക്കാര്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തുന്നതിന് ശ്രമങ്ങള്‍ നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുകൊണ്ട് നിങ്ങളുമായി സംസാരിച്ചതുമാണ്. പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാണ്.

1.    ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്നാണ് ഉന്നയിച്ച ഒരു ആരോപണം. എന്നാല്‍ അത് വസ്തുതകള്‍ക്ക് നിരക്കുന്നതായിരുന്നില്ല. ഇവിടെ പുതുതായി മദ്യം ഒഴുക്കുക എന്ന സമീപനം അതിനകത്ത് ഉണ്ടായിരുന്നില്ല. മാത്രമല്ല, മദ്യത്തിനെതിരായ പ്രചരണം ശക്തിപ്പെടുത്തുമെന്ന നടപടി സ്വീകരിച്ചിട്ടുമുണ്ട്.

2.    പ്രതിപക്ഷ നേതാവിന്‍റെ മറ്റൊരു ആരോപണം 1999 ല്‍ സംസ്ഥാനത്ത് പുതിയ യൂണിറ്റുകള്‍ ആരംഭിക്കേണ്ടതില്ല എന്ന നയമുണ്ടെന്നാണ്. എന്നാല്‍ അന്ന് വന്ന നൂറിലേറെ അപേക്ഷകള്‍ പരിശോധിച്ചുകൊണ്ടിറക്കിയ ഓര്‍ഡര്‍ മാത്രമാണ് എന്ന് വ്യക്തമായതാണ്. അതുകൊണ്ട് തന്നെ പ്രസ്തുത തീരുമാനം ഭാവിയില്‍ അപേക്ഷകള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും തടസ്സമാകുന്നതല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

3.    യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത് ചട്ടപ്രകാരമല്ല, എന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. പത്രപ്പരസ്യം നല്‍കിയില്ല എന്നുമായിരുന്നു ആരോപണം. എന്നാല്‍ അത്തരമൊരു രീതി ഒരു കാലത്തും സ്വീകരിച്ചില്ല എന്ന കാര്യവും പുറത്തുവരികയുണ്ടായി.

4.    ആദ്യം ഉണ്ടായ ആരോപണം അപേക്ഷകളില്‍ പെട്ടെന്ന് തീരുമാനമെടുത്തു എന്നായിരുന്നു. പിന്നീട് അപേക്ഷകള്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തി എന്നതായി അദ്ദേഹം ചുവട്മാറ്റി.

5.    കേരളത്തില്‍ വിതരണം ചെയ്യുന്ന മദ്യം ഇവിടത്തന്നെ ഉത്പാദിപ്പിക്കുക എന്ന കാഴ്ചപ്പാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ കാഴ്ചപ്പാടിനെ പിന്നീട് പ്രതിപക്ഷ നേതാവ് തന്നെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായി.

6.    വകുപ്പ് തലത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ പറ്റുന്ന കാര്യമാണ് ഇതിന്‍റെ അനുമതിയുമായി ബന്ധപ്പെട്ടത്. മന്ത്രിസഭയില്‍ വെക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല.

7.    1999 ന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കിയില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. എന്നാല്‍ 2003 ല്‍ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്ത് അത് നല്‍കിയിട്ടുണ്ട് എന്ന വസ്തുത പുറത്തുവന്നതോടെ ആ ആരോപണവും കാറ്റുപിടിക്കാതെ പോയി.

8.    യുഡിഎഫിന്‍റെ കാലത്ത് മദ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. മദ്യവുമായി ബന്ധപ്പെട്ട ഇത്തരമൊരു കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തി അവമതിപ്പ് സൃഷ്ടിക്കുക എന്ന നിലയാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. അക്കാലത്ത് അവരുടെ എല്ലാ കൊള്ളരുതായ്മകളുടെയും അടിസ്ഥാനമായി നിന്നത് മദ്യലോബിയില്‍ നിന്നുള്ള പണമായിരുന്നു. ബ്രൂവറിയും മറ്റും അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇത്തരമൊരു ഓര്‍മ്മയില്‍ നിന്നാണ് ആരോപണം ഉയര്‍ന്നുവന്നത്.

9.    ഒരു അടിസ്ഥാനവുമില്ലാതെ അനാവശ്യമായി ഉയര്‍ന്നുവന്ന വിവാദം തുടരുന്നത് സംസ്ഥാനത്തിന്‍റെ ഭാവിക്ക് ഗുണപരമല്ല. കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന സ്ഥിതിവിശേഷമാണ് ലോകജനതയുടെ മുഴുവന്‍ സഹായം കേരളത്തില്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. അത്തരമൊരു സ്ഥിതിവിശേഷത്തെ നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മാത്രമേ കേരളത്തിലെ ജനത അനുഭവിച്ച കാലവര്‍ഷക്കെടുതിയെ മറികടക്കുന്നതിനുള്ള സാഹചര്യത്തെ ബലപ്പെടുത്തിക്കൊണ്ട് പോകാന്‍ പറ്റൂ.

10.    ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ തരത്തിലും ശരിയായ ഒന്നാണെങ്കിലും ബ്രൂവറി യൂണിറ്റുകളും ബ്ലെന്‍റിംഗ് യൂണിറ്റുകളും അനുവദിച്ച തീരുമാനം റദ്ദാക്കുകയാണ്.

11.    ഇതിനര്‍ത്ഥം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകുന്നുവെന്നല്ല. സംസ്ഥാനത്തിനാവശ്യമായ പുതിയ യൂണിറ്റുകള്‍ അനുവദിക്കുക എന്ന സമീപനം സര്‍ക്കാര്‍ തുടരും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്‍റെ 8 ശതമാനവും ബീയറിന്‍റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.

12.    ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരമുള്ള അപേക്ഷ തുടര്‍ന്നും നല്‍കാവുന്നതാണ്. ആവശ്യമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷം വകുപ്പ് അര്‍ഹതയ്ക്കുള്ള സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും തത്വത്തില്‍ അംഗീകാരം നല്‍കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതായിരിക്കും.

13.    പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here