ശബരിമല യുവതീ പ്രവേശനം; ആര്‍.എസ്.എസ് കേരള ഘടകത്തില്‍ ഭിന്നത രൂക്ഷം

ആര്‍. രാധാകൃഷ്ണന്‍/ ശ്രീകാന്ത്
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് കേരളഘടകത്തില്‍ ഭിന്നത രൂക്ഷം. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം വേണമെന്നതാണ് ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാട്. സുപ്രീംകോടതി വിധി വന്നപ്പോഴും ആദ്യം ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ഈ നിലപാടാണ് സ്വീകരിച്ചത്. പിന്നീട്, സ്ത്രീ കൂട്ടായ്മയായ റെഡി ടു വെയ്റ്റിന് വഴങ്ങി, യുവതീ പ്രവേശന വിധിക്ക് എതിരെ രംഗത്തെത്തുകയായിരുന്നു. ആര്‍എസ്എസിന്റെ തല മുതിര്‍ന്ന നേതാക്കളായ ആര്‍ ഹരി ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാട് മാറ്റത്തെ ശക്തമായി എതിര്‍ക്കുകയാണ്. ടിജി മോഹന്‍ദാസിന്റെയും ഭാരതീയ വിചാര കേന്ദ്രം ഡെ. ഡയറക്ടര്‍ സഞ്ജയന്റെയും ജന്മഭൂമി എംഡി എം രാധാകൃഷ്ണന്റെയും ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണ കുമാറിന്റെയും നിലപാടും യുവതീപ്രവേശനം അനുവദിക്കണമെന്നാണ്.
പരിവാര്‍ സംഘടന പോലുമല്ലാത്ത റെഡി ടു വെയ്റ്റിന് ആര്‍.എസ്.എസ് എങ്ങനെ കീഴ്‌പ്പെട്ടു എന്നതാണ് ഇവരുടെ ചോദ്യം. എന്നാല്‍, എതിര്‍പ്പ് അറിയിച്ച് സ്ത്രീകളെ രംഗത്തിറക്കി സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ആര്‍.എസ്.എസിലെ ഇരു വിഭാഗവും തങ്ങളുടെ നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
അതേസമയം, എസ്.എന്‍.ഡി.പിയും കെ.പി.എം.എസും സുപ്രീം കോടതി വിധിയെ അനുകൂലിച്ചത് ആര്‍.എസ്.എസില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. വിധിക്കെതിരായ സമരത്തില്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാകില്ലെന്നാണ് തലമുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍. ഹരിയെ പോലുള്ളവരുടെ അഭിപ്രായം. പുനഃപരിശോധനാ ഹര്‍ജി അടിയന്തര പ്രധാന്യത്തോടെ സുപ്രീം കോടതി പരിഗണിക്കാത്തത് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇരുന്നൂറ് കേന്ദ്രങ്ങളിലായി മറ്റന്നാള്‍ സംഘടിപ്പിച്ചിരിക്കുന്ന റോഡ് ഉപരോധങ്ങളില്‍ മുഖ്യപ്രഭാഷണങ്ങള്‍ക്കായി ആളെകിട്ടാത്ത അവസ്ഥയുമുണ്ട്. അറിയപ്പെടുന്ന ആര്‍.എസ്.എസ് അനുകൂല പ്രഭാഷകര്‍ പലരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here