സവർണജാതിഭ്രാന്താൽ പ്രേരിതമായ ആർഎസ്എസ് നീക്കങ്ങൾ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് : മുഖ്യമന്ത്രി

ആർഎസ്എസിന്റെ നേതൃത്വത്തിൽ നിലവിൽ ശബരിമലയിൽ നടക്കുന്ന ആക്രമങ്ങൾ ശബരിമലയുടെ അടിസ്ഥാന സ്വഭാവമെത്ത തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർണജാതിഭ്രാന്താൽ പ്രേരിതമായ ആർഎസ്എസ് നീക്കങ്ങൾ ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങൾ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും ആർഎസ്എസ് ശ്രമിച്ചിട്ടുണ്ട്. മലയരയ സമുദായം അടക്കമുള്ള ആദിവാസികൾക്ക് ശബരിമല കാര്യത്തിൽ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് എന്നിവയൊക്കെ ഇല്ലായ്മ ചെയ്യുന്നതിൽ സംഘപരിവാർ ശക്തികൾ വഹിച്ച പങ്ക് എല്ലാവർക്കും അറിവുള്ളതാണ്. ഇതെല്ലാം ശബരിമലയുടെ പൊതുസ്വാഭാവത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കുള്ള നീക്കങ്ങളായിരുന്നു. ആ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ശബരിമലയെ തകർക്കാനുള്ള ഇപ്പോഴത്തെ ആർ.എസ്.എസ് നീക്കങ്ങളെയും കാണേണ്ടതെന്നും മുഖ്യമന്ത്രി കുറിച്ചു.
ശബരിമല കലാപഭൂമിയാണെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം അവിടേക്ക് ചെല്ലുന്നവരെ പിന്തിരിപ്പിക്കാനാണ് അവരുടെ നീക്കമെന്നും ഇത് അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനൽ സംഘങ്ങളെ പുറത്തുനിന്ന് ഇറക്കുമതി ചെയ്ത് ശബരിമലയെയും അവിടേക്കുള്ള പാതയെയും കലാപഭൂമിയാക്കാമെന്ന അജണ്ടയാണ് ഇവർ ഇപ്പോൾ നടപ്പാക്കാൻ നോക്കുന്നതെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.
എല്ലാ വിഭാഗങ്ങൾക്കുമിടയിലായി ഇന്ന് നിലനിൽക്കുന്ന ശബരിമലയുടെ സ്വീകാര്യത തകർത്ത് അതിനെ സവർണ ജാതി ഭ്രാന്തിൻറെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണമെന്നു പറഞ്ഞാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here